ഖത്തറിന്റെ വഴിയേ ഫ്രാൻസ്; പാരീസ് ഒളിമ്പിക്‌സ് വേദികളിൽ മദ്യത്തിന് വിലക്ക്

കായിക വേദികളില്‍ പുതിയൊരു സംസ്കാരത്തിന്റെ തുടക്കമെന്ന രീതിയില്‍ കൂടി ഖത്തര്‍ ലോകകപ്പ് കയ്യടി നേടുകയാണ്

Update: 2023-06-27 18:02 GMT
Editor : rishad | By : Web Desk

പാരീസിൽ സ്ഥാപിച്ച ഒളിമ്പിക്‌സ് വളയങ്ങൾ

Advertising

ദോഹ: ഖത്തര്‍ ലോകകപ്പിനെ മാതൃകയാക്കി പാരീസ് ഒളിമ്പിക്സ്. സ്റ്റേഡിയങ്ങളിലും മത്സര കേന്ദ്രങ്ങളിലും മദ്യത്തിന് വിലക്കേര്‍പ്പെടുത്തി. ഒളിമ്പിക് ഗെയിംസ് കമ്മിറ്റിയുടേതാണ് തീരുമാനം. 

ഫ്രാന്‍സില്‍ 1991 മുതല്‍ 'ഇവിന്‍ നിയമ'മനുസരിച്ച് കളിയിടങ്ങളിലും മത്സരങ്ങള്‍ നടക്കുന്ന വേദിയിലും മദ്യത്തിന് വിലക്കുണ്ട്. 'എവിള്‍ ലോ'(ദുഷിച്ച നിയമം) എന്നാണ് ഫ്രാന്‍സുകാര്‍ നിയമത്തെ വിശേഷിപ്പിക്കുന്നത്. ലോകകപ്പ് ഫുട്ബോളിനെ ഖത്തര്‍ ലഹരി മുക്തമാക്കി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധമുയര്‍ന്നത് പാശ്ചാത്യ ലോകത്ത് നിന്നായിരുന്നു.

സ്റ്റേഡിയങ്ങള്‍ക്ക് അകത്ത് മദ്യം വില്‍ക്കാന്‍ ഖത്തര്‍ അനുമതി നല്‍കിയിരുന്നില്ല.ഇതിനെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നു എന്ന ആക്ഷേപമുന്നയിച്ചാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ആക്രമിച്ചത്. എന്നാല്‍ ടൂര്‍ണമെന്റിനെ കൂടുതല്‍ സൗഹാർദമാക്കുന്നതിനും കളിയാസ്വാദനത്തിനും ഖത്തറിന്റെ തീരുമാനം സഹായിച്ചുവെന്നാണ് ആരാധകരില്‍ വലിയൊരു ശതമാനവും അഭിപ്രായപ്പെട്ടത്. 

ടൂര്‍ണമെന്റ് കാലയളവില്‍ ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പെന്ന ഖ്യാതിയും ലഭിച്ചു. ഇപ്പോള്‍ പാരീസ് ഒളിമ്പിക് കമ്മിറ്റി കൂടി സമാന രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങിയതോടെ മറ്റു പ്രധാന ടൂര്‍ണമെന്റുകളും മാറിച്ചിന്തിക്കേണ്ടിവരും. കായിക വേദികളില്‍ പുതിയൊരു സംസ്കാരത്തിന്റെ തുടക്കമെന്ന രീതിയില്‍ കൂടി ഖത്തര്‍ ലോകകപ്പ് കയ്യടി നേടുകയാണ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News