കോവിഡ്: ഖത്തറിൽ സ്‌കൂൾ വിദ്യാഭ്യാസം വീണ്ടും ഓൺലൈനിലേക്ക്
കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സ്കൂൾ -കിൻഡർഗർട്ടൻ വിദ്യാഭ്യാസം ഞായറാഴ്ച മുതൽ വീണ്ടും ഓൺലൈനിലേക്ക്. താൽകാലികമായി ഒരാഴ്ചത്തേക്കാണ് പൊതു-സ്വകാര്യമേഖലകളിലെ സ്കൂളുകളുടെയും കിൻഡർഗർട്ടനുകളുടെയും പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റുന്നതെന്ന് വിദ്യഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യ കണക്കിലെടുത്താണ് തീരുമാനം. ക്ലാസുകൾ ഓൺലൈനിലേക്ക് മാറുന്നതിനാൽ വിദ്യാർഥികളുടെ ഹാജർ നിർത്തിവെക്കാനും നിർദേശിച്ചു.
അതേസമയം, ജീവനക്കാരും, അധ്യാപകരും സ്കൂളുകളിൽ എത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ കോവിഡ് കേസുകളുടെ വർധനവിന്‍റെ പശ്ചത്തലത്തിൽ സുരക്ഷിതവും ആരോഗ്യകരവുമായി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് കുട്ടികളെ സ്കൂളുകളിൽ വരുന്നതിൽ നിന്നും ഒഴിവാക്കി ക്ലാസുകളും പഠനവും ഓൺലൈനിലേക്ക് മാറ്റുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയവുമായി ചർച്ചനടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച അടിയന്തര തീരുമാനമെടുത്തത്. വരുന്ന ഒരാഴ്ചയിലെ കോവിഡ് തോത് വിലയിരുത്തിയാവും ഭാവി തീരുമാനങ്ങൾ. സ്കൂൾ ജീവനക്കാർക്കും, 12ന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കും ബൂസ്റ്റർ ഡോസ് നടപടി ക്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമാക്കിയിരുന്നു.
Summary : Covid: Schooling in Qatar is back online