റെക്കോർഡ് സമ്മാനത്തുകയുമായി ഫിഫ അറബ് കപ്പ്; ഡിസംബർ ഒന്നിന് ഖത്തറിൽ കിക്കോഫ്
13.29 കോടി റിയാൽ (ഏകദേശം 310 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് ടൂർണമെന്റിന്റെ സമ്മാനത്തുക
ദോഹ: ഡിസംബറിൽ ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചു. ആകെ 13.29 കോടി റിയാൽ (ഏകദേശം 310 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് ടൂർണമെന്റിന്റെ സമ്മാനത്തുക. അറബ് ലോകത്തെ ഫുട്‌ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള ടൂർണമെന്റിന്റെ പ്രൈസ്മണിയിൽ ഖത്തർ റെക്കോർഡ് വർധനയാണ് വരുത്തിയിരിക്കുന്നത്. 2021ൽ നടന്ന പ്രഥമ ഫിഫ അറബ് കപ്പിന്റെ സമ്മാനത്തുക ഏകദേശം 200 കോടി രൂപയായിരുന്നു.
ഡിസംബർ ഒന്നിനാണ് ഖത്തറിൽ അറബ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് കിക്കോഫ് വിസിൽ മുഴങ്ങുന്നത്. ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബർ 18നാണ് ഫൈനൽ. 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഫിഫ റാങ്കിങ് പ്രകാരം മുൻനിരയിലുള്ള 9 ടീമുകൾ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള ഏഴ് ടീമുകളെ പ്ലേ ഓഫിലൂടെ കണ്ടെത്തും. ടൂർണമെന്റിന്റെ നറുക്കെടുപ്പ് മറ്റന്നാൾ ദോഹയിൽ നടക്കും.