ഹൈസൺ ഹൈദർ ഹാജി അന്തരിച്ചു
ഖത്തറിലെ ആദ്യകാല വ്യാപാര പ്രമുഖനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമാണ്
ദോഹ: ഖത്തറിലെ ആദ്യകാല വ്യാപാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ഹൈസൺ ഹൈദർ ഹാജി (90) ദോഹയിൽ അന്തരിച്ചു. തൃശ്ശൂർ വടക്കേക്കാട് തൊഴിയൂർ സ്വദേശിയാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 1962ൽ കപ്പൽ വഴി ഖത്തറിൽ എത്തിയ അദ്ദേഹം ആദ്യ കാല ഇന്ത്യൻ പ്രവാസികളിൽ ഒരാളാണ്. ഖത്തറിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകൻ ആണ്. 48വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം ഫാമിലി ഫുഡ് സെന്റർ സ്ഥാപിക്കുന്നത്. കോഴിക്കോട് ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോർസ് എന്നിവയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു.
ഖത്തറിലെ പ്രഥമ ഇന്ത്യൻ സ്‌കൂളായ എംഇഎസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. എംഇഎസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു. നാട്ടിലും വിദ്യാഭ്യാസ മേഖലയിൽ സജീവമായിരുന്നു. ദയാപുരം അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ തുടക്കക്കാരിൽ ഒരാളും ചെയര്മാനുമായിരുന്നു. ഐഡിയൽ എഡ്യൂക്കേഷൻ സൊസൈറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാൻ ആയും സേവനം അനുഷ്ഠിച്ചു. സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും നിറ സാന്നിധ്യമായിരുന്നു ഹൈദർ ഹാജി. ഖത്തർ ഇൻകാസിന്റെ പ്രഥമ ഉപദേശക സമിതി അംഗവും ഇന്ത്യൻ എംബസി അപക്‌സ് സംഘനകളായ ഐസിസി ഐസിബിഎഫ് എന്നിവയുടെ ആദ്യകാല സംഘാടകനുമാണ്.
ജനാസ നമസ്കാരം ഇന്ന് മഗ്‌രിബ് നമസ്ക്കാരത്തിന് ശേഷം മിസൈമീർ ഖബർസ്ഥാൻ മസ്ജിദിൽ. മൃതദേഹം ഇന്ന് രാത്രി അബുഹമൂറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ പരേതയായ ജമീല. മക്കൾ : ഫൈസൽ, ജമാൽ, അൻവർ ആഷിഖ്, നസീമ (ഫാമിലി ഫുഡ് സെന്റർ) മരുമകൻ അഷ്റഫ് ( ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ്)