മൂന്നുപേർക്ക് ജീവന്‍ പകര്‍ന്ന് ഖത്തര്‍ മലയാളി യാത്രയായി

മാർച്ച് 16നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അനൂപ് താമസസ്ഥലത്ത് കുഴഞ്ഞുവീണത്

Update: 2024-03-21 15:06 GMT
Advertising

ദോഹ: ഒരിക്കല്‍പോലും തമ്മില്‍ കണ്ടിട്ടില്ലാത്ത മൂന്നുപേർക്ക് പുതുജീവന്‍ നല്‍കി ഖത്തര്‍ മലയാളി യാത്രയായി. തൃശൂർ കൊരട്ടി ചെറ്റാരിക്കൽ മുല്ലപ്പള്ളി വീട്ടിൽ അനൂപ് ഉണ്ണി നായർ (45) ആണ് മരിച്ചത്. മാർച്ച് 16നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അനൂപ് താമസസ്ഥലത്ത് കുഴഞ്ഞുവീണത്. ആദ്യം ക്യൂബൻ ആശുപത്രിയിലും പിന്നീട് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നുദിവസം കഴിഞ്ഞ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് അനൂപിന്റെ വൃക്കയും കരളും ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതം നൽകിയത്.

ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ബുധനാഴ്ചയോടെയാണ് അവയവദാനം പൂർത്തിയാക്കിയത്. നാട്ടിലുള്ള ഭാര്യ ദീപാ അനൂപ്, പ്ലസ് ടു വിദ്യാർഥിനിയായ മകൾ ഐശ്വര്യ അനൂപ്, മാതാപിതാക്കളായ ഉണ്ണി നായർ, സീതാ ഉണ്ണി എന്നിവർ പ്രിയപ്പെട്ടവന്റെ വേർപാടിനിടയിലും ധീരമായ തീരുമാനത്തിലൂടെ മനുഷ്യസ്നേഹത്തിന്റെ വലിയ മാതൃകയായി മാറി. ഖത്തറില്‍ സ്വകാര്യ പരസ്യസ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു അനൂപ്.

കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ മറ്റു നടപടികൾ ​പൂർത്തിയാക്കിയശേഷം നാളെ പുലർച്ചെയോടെ ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കുന്നത്ത് മങ്ങാട്ടുകര വീട്ടുവളപ്പിലാണ് സംസ്കാരം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News