ചരിത്രം കുറിച്ച് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ പന്തുതട്ടി മലയാളി

ഇന്നലെ രാത്രിയില്‍ നടന്ന മത്സരത്തിലാണ് ഫിലിപ് കുടീന്യോയും മൈകല്‍ ഒലുംഗയും ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ അണിനിരന്ന അല്‍ ദുഹൈല്‍ എഫ്.സിക്കുവേണ്ടി തഹ്‌സിന്‍ കളത്തിലിറങ്ങിയത്

Update: 2024-04-01 16:04 GMT

ദോഹ: സൂപ്പര്‍താരങ്ങള്‍ ബൂട്ടുകെട്ടുന്ന ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ചാമ്പ്യന്‍ ക്ലബിനൊപ്പം അരങ്ങേറ്റം കുറിച്ച് മലയാളി താരം തഹ്‌സിന്‍ ജംഷിദ്. കണ്ണൂര്‍ വളപട്ടണം സ്വദേശിയായ 17 കാരന്‍ തഹ്‌സിനാണ് ചരിത്രം കുറിച്ച് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ പന്തുതട്ടിയത്.

ഇന്നലെ രാത്രിയില്‍ നടന്ന മത്സരത്തിലാണ് ഫിലിപ് കുടീന്യോയും മൈകല്‍ ഒലുംഗയും ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ അണിനിരന്ന അല്‍ ദുഹൈല്‍ എഫ്.സിക്കുവേണ്ടി തഹ്‌സിനും കളത്തിലിറങ്ങിയത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍ ടീം കൂടിയാണ് അല്‍ ദുഹൈല്‍. നേരത്തെ ടീമിന്റെ റിസര്‍വ് ബെഞ്ചില്‍ ഇടം നേടിയ തഹ്‌സിന്‍ അല്‍ റയാനെതിരായ കളിയുടെ 88ാം മിനിറ്റില്‍ ഇബ്രാഹിമ ഡിയാലോക്കു പകരക്കാരനായാണ് കളത്തിലെത്തിയത്. 12 മിനിറ്റോളം പന്തു തട്ടിയ താരം മികച്ച നീക്കങ്ങളും നടത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഖത്തറിന്റെ മുന്‍നിര ലീഗായ സ്റ്റാര്‍സ് ലീഗില്‍ ബൂട്ടുകെട്ടുന്നത്.

മത്സരത്തില്‍ അല്‍ റയാന്‍ 2-0ത്തിന് ജയിച്ചു. ഖത്തര്‍ ദേശീയ യൂത്ത് ടീമുകളില്‍ കളിച്ച് മികവു തെളിയിച്ച തഹ്‌സിന്‍ അണ്ടര്‍ 13 മുതല്‍ അല്‍ ദുഹൈലിന്റെ ഭാഗമാണ്. ഖത്തറിനു വേണ്ടി അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് കളിച്ച താരം ഇപ്പോള്‍ അണ്ടര്‍ 19 ടീമില്‍ കളിക്കുന്നുണ്ട്.


Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News