മെഡിക്കൽ ഉപകരണ കരാർ അഴിമതി കേസ്: ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർക്ക് തടവും പിഴയും

ഹമദ് ആശുപത്രി ഉദ്യോഗസ്ഥാനായ ഇന്ത്യക്കാരന് 14 വർഷം തടവും 31.3 കോടി റിയാൽ പിഴയുമാണ് ചുമത്തിയത്

Update: 2024-03-05 19:21 GMT
Advertising

ദോഹ: ഖത്തറിലെ ഹമദ്​ മെഡിക്കൽ കോർപറേഷനിലെ മെഡിക്കൽ ഉപകരണ കരാർ അഴിമതി കേസിൽ ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർക്ക് തടവും പിഴയും. ശിക്ഷിക്കപ്പെട്ടവരില്‍ 4 പേര്‍ ഹമദ് ആശുപത്രി ജീവനക്കാരാണ്.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥാനും കരാർ കമ്പനിയിലെ ആറ് ജീവനക്കാരുമാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍. നാല് വർഷം മുതൽ 14 വർഷം വരെ തടവാണ് ശിക്ഷ വിധിച്ചത്.

സർക്കാർ ടെൻഡറുകളിൽ അഴിമതി, പൊതുപണത്തിന്റെ ദുരുപയോഗം, വിശ്വാസ വഞ്ചന, ഓഫീസ് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഹമദ് ആശുപത്രി ഉദ്യോഗസ്ഥാനായ ഇന്ത്യക്കാരൻ കേസിൽ നാലാം പ്രതിയാണ്. ഇയാൾക്ക് 14 വർഷം തടവും 31.3 കോടി റിയാൽ പിഴയുമാണ് ചുമത്തിയത്.

ഒന്നാം പത്രിയായ ഖത്തരി പൗരന് 15 വർഷം തടവും 72.9 കോടി റിയാൽ പിഴയും രണ്ടാം പ്രതിയായ ജോർഡൻ പൗരന് 11 വർഷം തടവും 17.1 കോടി റിയാൽ പിഴയും മൂന്നാം പ്രതിയായ ഫലസ്തീൻ പൗരന് 10 വർഷം തടവും 14.4 കോടി റിയാൽ പിഴയും ചുമത്തി.

മെഡിക്കൽ ഉപകരണങ്ങൾ നൽകാൻ കരാർ എടുത്ത കമ്പനിയുടെ രണ്ട് ഖത്തരി ഉടമസ്ഥർക്ക് അഞ്ചും എട്ടും വർഷം തടവും വിധിച്ചിട്ടുണ്ട്. ഒരാൾക്ക് 22.8 കോടി റിയാൽ പിഴയും 2.5 കോടി റിയാലും പിഴ ചുമത്തി.

ഈ കമ്പനിയിലെ ജീവനക്കാരാണ് എട്ടുപേർ. ഇതിൽ ആറു പേരും ഇന്ത്യക്കാരും രണ്ടു പേർ ജോർഡൻകരുമാണ്. രണ്ടു പേർക്ക് 14 വർഷവും, രണ്ടു പേർക്ക് എട്ടും, ശേഷിച്ച നാലുപേർക്ക് 10, ആറ്, അഞ്ച്, നാല് വർഷം തടവും വിധിച്ചു.

50 ലക്ഷം റിയാൽ മുതൽ 19.5 കോടി റിയാൽ വരെയായി ഇവർക്ക് പിഴയും ചുമത്തി. ശിക്ഷാകാലാവധി പൂർത്തിയാക്കിയാൽ വിദേശികളെ നാടുകടത്താനും ഉത്തരവിട്ടു. കുറ്റാരോപിതരായ രണ്ടു പേരെ കോടി വെറുതെ വിട്ടയച്ചു.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News