പ്ലംബര്‍മാര്‍ക്കും ഇലക്ട്രീഷ്യന്മാര്ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തി ഖത്തര്‍
അക്രഡിറ്റേഷനുള്ള കോണ്‍ട്രാക്ടര്‍മാരുടെയും വ്യക്തികളുടെയും പട്ടിക ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും
ദോഹ: പ്ലംബര്‍മാര്‍ക്കും ഇലക്ട്രീഷ്യന്മാര്ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തി ഖത്തര്‍. സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഖത്തര്‍ ജല- വൈദ്യുത കോര്‍പ്പറേഷന്‍ കഹ്റമാ വ്യക്തമാക്കി. അക്രഡിറ്റേഷനുള്ള കോണ്‍ട്രാക്ടര്‍മാരുടെയും വ്യക്തികളുടെയും പട്ടിക ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഇലക്ട്രിക്, പ്ലംബിങ് മേഖലയില്‍ സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷയും ലൈസന്‍സും ഏര്‍പ്പെടുത്തുന്നത്. പുതിയ തീരുമാനപ്രകാരം കോണ്‍ട്രാക്ടര്‍മാരും ഏതെങ്കിലും ഒരു കമ്പനിയില്‍ അല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യുന്നവരും ലൈസന്‍സ് എടുക്കണം. കോണ്‍ട്രാക്ടര്‍മാര്‍ക്ക് തിയറി-പ്രാക്ടിക്കല്‍ പരീക്ഷകളുണ്ടാകും.
സ്വതന്ത്ര്യമായി ജോലി ചെയ്യുന്നവര്‍ക്ക് മെയിന്റിനന്‍സിനുള്ള ലൈസന്‍സ് മാത്രമാണ് നല്‍കുക. വൈദ്യുത കണക്ഷന്‍ നല്‍കാനോ കുടിവെള്ള പൈപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനോ ഇവര്‍ക്ക് അനുമതിയില്ല. പൊതുജനങ്ങള്‍ക്ക് ഇവരുടെ സേവനം ലഭ്യമാക്കുന്നതിനായി ലൈസന്‍സ് എടുക്കുന്നവരുടെ പട്ടിക കഹ്റമായുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
ലൈസന്‍സ് ഉള്ളവരെ മാത്രം ഇത്തരം ജോലിക്ക് നിയോഗിക്കണമെന്ന് കഹ്റമാ ആവശ്യപ്പെട്ടു. ലൈസന്‍സിലുള്ള ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്ത് ഇത് ഉറപ്പുവരുത്താം. പുതിയ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
Summary: Qatar has introduced licenses for plumbers and electricians