കൗമാരപ്പോരിന്റെ മത്സരചിത്രം തെളിഞ്ഞു: ഉദ്ഘാടന മത്സരം നവംബർ മൂന്നിന് ഖത്തറും ഇറ്റലിയും തമ്മിൽ

ഡി ഗ്രൂപ്പിലാണ് അർജന്റീന

Update: 2025-05-26 15:51 GMT

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാരപ്പോരിന്റെ മത്സരചിത്രം തെളിഞ്ഞു. നവംബർ മൂന്നിന് ഖത്തറും ഇറ്റലിയും തമ്മിലാണ് ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. ലുസൈലിലെ റാഫിൾസ് ഹോട്ടലിലാണ് 48 ടീമുകളെ 12 ഗ്രൂപ്പുകളായി തിരിക്കുന്ന നറുക്കെടുപ്പ് നടന്നത്.

ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറിനൊപ്പം ഇറ്റലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ പോർച്ചുഗലിന് വെല്ലുവിളിയുമായി ഏഷ്യൻ കരുത്തരായ ജപ്പാനും മൊറോക്കോയുമുണ്ട്.

ഡി ഗ്രൂപ്പിലാണ് അർജന്റീന. ബെൽജിയം, ടുണീഷ്യ, ഫിജി ടീമുകളും ഗ്രൂപ്പിലുണ്ട്. ഇ ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് കാര്യമായ വെല്ലുവിളികളില്ല. നിലവിലെ ചാമ്പ്യന്മാരായ ജർമനി ഗ്രൂപ്പ് ജിയിലാണ്. കൊളംബിയ, എൽസാൽവദോർ, നോർത്ത് കൊറിയ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. നാല് തവണ കിരീടം നേടിയിട്ടുള്ള ബ്രസീലിന് ഗ്രൂപ്പ് എച്ചിൽ കാര്യമായ എതിരാളികളില്ല, ഹോണ്ടുറാസ്, ഇന്തോനേഷ്യ, സാംബിയ ടീമുകളാണ് ഗ്രൂപ്പിലുള്ളത്.

കാനഡ, ചിലി, യുഗാണ്ട ടീമുകളാണ് കെ ഗ്രൂപ്പിൽ ഫ്രാൻസിനൊപ്പം കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് എല്ലിൽ ഏഷ്യൻ വമ്പൻമാരായ സൗദിയുടെ സാന്നിധ്യമാണ് ശ്രദ്ധേയം. 12 ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്ക് യോഗ്യത നേടും. നവംബർ മൂന്ന് മുതൽ 27 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News