ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം: ഖത്തറിൽ ഉടമകൾക്ക് പരാതി അറിയിക്കാൻ അവസരം

ഇലക്ട്രോണിക് സംവിധാനമായ വാഥിഖിലൂടെയാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കേണ്ടത്

Update: 2025-04-25 16:17 GMT

ദോഹ: ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം സംബന്ധിച്ച് സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാൻ അവസരം ഒരുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പരിശോധനാ ഫലങ്ങളോ തീരുമാനങ്ങളോ ലഭിച്ച് 15 ദിവസത്തിനുള്ളിൽ പരാതി ഫയൽ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് സംവിധാനമായ വാഥിഖിലൂടെയാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കേണ്ടത്. അധികൃതരുടെ പരിശോധന, നിയമനടപടികൾ, ലബോറട്ടറി ഫലങ്ങൾ എന്നിവ സംബന്ധിച്ച് എതിർപ്പുകൾ ഫയൽ ചെയ്യാം. റെഗുലേറ്ററി അതോറിറ്റികളും സംരംഭകരും തമ്മിലുള്ള സുതാര്യത ഉറപ്പാക്കാനും സഹകരണം ശക്തമാക്കാനും പുതിയ സേവനം വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

ഭക്ഷ്യസ്ഥാപനങ്ങൾക്ക് വ്യക്തമായ തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിൽ പരിശോധനാ ഫലങ്ങളെയോ സ്ഥാപനങ്ങൾക്കെതിരായ തുടർനടപടികളെയോ എതിർക്കാം. ചിത്രങ്ങളും രേഖകളും സമർപ്പിക്കാനും അവസരമുണ്ട്. സ്ഥാപനങ്ങൾക്ക് നൽകിയ റഫറൻസ് നമ്പറിലൂടെ അപേക്ഷ ട്രാക്ക് ചെയ്യാനും സാധിക്കും. അപേക്ഷ പരിശോധിച്ച ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലെ പ്രത്യേക സംഘങ്ങൾ തീരുമാനങ്ങളും തുടർ നടപടികളും സ്ഥാപനങ്ങളെ ഇ-മെയിൽ വഴി അറിയിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News