അഫ്ഗാൻ അഭയാർത്ഥികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായുള്ള സംയുക്ത സഹകരണ കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു

അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തുന്നതും അവഗണിക്കുന്നതും സമാധാന നീക്കങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതായി ഖത്തർ

Update: 2021-11-13 16:45 GMT
Editor : abs | By : Web Desk
Advertising

അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തുന്നതും അവഗണിക്കുന്നതും സമാധാന നീക്കങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതായി ഖത്തർ. അഫ്ഗാനെതിരെ ഏർപ്പെടുത്തിയ ഉപരോധം യുഎൻ സുരക്ഷാ കൗൺസിൽ അവലോകനം ചെയ്യുന്നുണ്ടെന്നാണ് പ്രതീക്ഷ. അഫ്ഗാൻ അഭയാർത്ഥികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായുള്ള സംയുക്ത സഹകരണ കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു.

വാഷിങ്ടണിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽത്താനിയുടെ പ്രതികരണം. ശീതകാലം അടുത്തതിനാൽ തന്നെ അഫ്ഗാനിലെ ജനങ്ങൾക്ക് അവശ്യസഹായങ്ങളെത്തിക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്നതിനും ഖത്തർ മുന്തിയ പരിഗണനയാണ് നൽകി വരുന്നത്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിൻറെയും സഹകണവും ഇടപെടലും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

താലിബാനെതിരായ യുഎൻ ഉപരോധക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സുരക്ഷാ കൗൺസിലാണ്. അപ്പോഴത്തെ സാഹചര്യവും കാരണങ്ങളും പരിഗണിച്ചാണ് ഉപരോധം ഏർപ്പെടുത്തിയത്. ഈ സാഹചര്യങ്ങൾ സുരക്ഷാ കൗൺസിൽ നിരന്തരമായി അവലോകനം ചെയ്യുന്നുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഫ്ഗാനിസ്ഥാനുമായി ബന്ധം പുനസ്ഥാപിക്കാൻ അന്തരാഷ്ട്ര സമൂഹത്തെ പ്രോത്സാഹിപ്പിക്കാനാണ് ഖത്തർ താൽപ്പര്യപ്പെടുന്നതെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

വാഷിങ്ടണിൽ നടന്ന യുഎസ് ഖത്തർ വാർഷിക നയതന്ത്ര സംഭാഷണത്തിൻറെ നാലാമത് സെഷനിൽ വെച്ച് നിർണായക ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ആഭ്യന്തര യുദ്ധം മൂലം പലായനം ചെയ്യേണ്ടി വന്ന അഫ്ഗാനികൾക്ക് സുരക്ഷിതമായ അഭയം നല്കുന്നതിനും യാത്രാ വിസയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽത്താനിയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഭീകരവാദത്തെയും തീവ്രവാദത്തെയും ചെറുക്കൽ, ലോകകപ്പ്, സൈനിക സുരക്ഷ, തൊഴിൽ, മനുഷ്യാവകാശ സംരക്ഷണവും മനുഷ്യക്കടത്ത് തടയലും, രാജ്യാന്തര യാത്ര, ഊർജ്ജ കാലാവസ്ഥാ വ്യതിയാന മേഖല, സാംസ്‌കാരികവും വിദ്യാഭ്യാസ മേഖലകളിലെ സഹകരണം, ആരോഗ്യം, സാമ്പത്തികം, വാണിജ്യം തുടങ്ങി മേഖലകളിലെല്ലാം സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള ചർച്ചകളും നടന്നു. ഖത്തർ യുഎസ് ബിസിനസ് കൌൺസിലിൻറെ പ്രഥമ യോഗവും ഖത്തർ യുഎസ് ചേമ്പർ ഓഫ് കൊമ്മേഴ്‌സിൻറെ രണ്ടാം യോഗവും ഇതോടൊപ്പം ചേർന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News