അറബ് കപ്പിൽ ഖത്തറിന് കരുത്തരായ എതിരാളികൾ; ഖത്തർ-ഫലസ്തീൻ ഉദ്ഘാടന മത്സരത്തിന് സാധ്യത
ഗ്രൂപ്പ് 'എ'യിൽ ഖത്തറിനൊപ്പം, തുനീഷ്യയും പ്ലേ ഓഫ് വഴിയെത്തുന്ന രണ്ട് ടീമുകളുമാണ് കളിക്കുക
ദോഹ: ഡിസംബർ ഒന്ന് മുതൽ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിൽ ആതിഥേയർക്ക് ശക്തരായ എതിരാളികൾ. ഗ്രൂപ്പ് 'എ'യിൽ ഖത്തറിനൊപ്പം, തുനീഷ്യയും പ്ലേ ഓഫ് വഴിയെത്തുന്ന രണ്ട് ടീമുകളുമാണ് കളിക്കുക. ഉദ്ഘാടന മത്സരത്തിൽ ഖത്തറിന്റെ എതിരാളി ഫലസ്തീനാകാനുള്ള സാധ്യത കൂടുതലാണ്. യോഗ്യതാ മത്സരത്തിൽ നിലവിലെ സാഹചര്യത്തിൽ ഫലസ്തീൻ ലിബിയയെ തോൽപിക്കുമെന്നാണ് വിലയിരുത്തൽ.
നവംബർ അവസാന വാരത്തിലാണ് യോഗ്യതാ മത്സരങ്ങൾ. സിറിയ-സൗത് സുഡാൻ മത്സരത്തിലെ വിജയികളാണ് ഗ്രൂപ്പ് 'എ'യിലെ മറ്റൊരു ടീം. ലോകകപ്പ് ഫുട്‌ബോളിൽ വിസ്മയ മുന്നേറ്റം നടത്തിയ മൊറോക്കോ, സൗദി അറേബ്യ ടീമുകൾ ഗ്രൂപ്പ് 'ബി'യിൽ കളിക്കും. ഈജിപ്ത്, ജോർഡൻ, യു.എ.ഇ ടീമുകൾ അണിനിരക്കുന്ന 'ഗ്രൂപ്പ് സി' ആണ് മരണ ഗ്രൂപ്പ്. അൽജീരിയ, ഇറാഖ് ടീമുകൾ ഗ്രൂപ്പ് 'ഡി'യിൽ മത്സരിക്കും. ഞായറാഴ്ച രാത്രിയിൽ ലുസൈലിലെ റാഫിൾസ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. ഖത്തർ ദേശീയ ടീം മുൻ ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ്, മുൻ അൽജീരിയൻ താരം റാബഹ് മജർ, മുൻ സൗദി താരം യാസർ അൽ ഖഹ്താനി എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി.