യു.എന്നിൽ ഫലസ്തീന് പൂർണാംഗത്വം നല്കുന്നതിനുള്ള പ്രമേയം പരാജയപ്പെട്ടു; നിരാശാജനകമെന്ന് ഖത്തർ

യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്കയാണ് വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയത്

Update: 2024-04-20 01:02 GMT
Advertising

ദോഹ: ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന് പൂർണാംഗത്വം നൽകുന്നതിനായി കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടത് നിരാശാജനകവും ദുഖകരുവുമെന്ന് ഖത്തർ. മേഖലയൊന്നാകെ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നീതി പരാജയപ്പെട്ട ദുഃഖകരമായ ദിനമെന്നാണ് ഖത്തർ പ്രമേയത്തിന്റെ പരാജയത്തെ വിശേഷിപ്പിച്ചത്.

ഫലസ്തീന് പൂർണാംഗത്വമെന്ന ആവശ്യവുമായി യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്കയാണ് വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയത്. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിച്ച് ഉത്തരവാദിത്തം നിർവഹിക്കാനാവാതെ യുഎൻ വീണ്ടും നിസ്സഹായരായി കീഴങ്ങുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 193 അംഗ യു.എൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രമേയം സുരക്ഷാസമിതിയിലെത്തിയത്. യു.എന്നിന്റെ 194ാം അംഗമായി ഫലസ്തീനെ അംഗീകരിക്കണമെന്നായിരുന്നു പ്രമേയത്തിൽ പറഞ്ഞിരുന്നത്.

യു.എൻ ജനറൽ അസംബ്ലിയിൽ ഭൂരിപക്ഷം അംഗങ്ങളും ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതിനാൽ പ്രമേയം പാസാവുമായിരുന്നു. എന്നാൽ, ഇതിന് മുമ്പ് തന്നെ യു.എസ് പ്രമേയത്തെ വീറ്റോ ചെയ്തത് തിരിച്ചടിയായി. 1967ലെ അതിർത്തികൾ കണക്കാക്കി കിഴക്കൻ ജറുസലേം തലസ്താനമാക്കി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News