അണ്ടർ 23 ഏഷ്യൻ കപ്പിനൊരുങ്ങി ഖത്തർ

അണ്ടർ 23 ഏഷ്യൻ കപ്പിന് തിങ്കളാഴ്ച കിക്കോഫ് വിസിൽ മുഴങ്ങും

Update: 2024-04-13 16:33 GMT
Advertising

ദോഹ: അണ്ടർ 23 ഏഷ്യൻ കപ്പിനൊരുങ്ങി ഖത്തർ. ലോകകപ്പും ഏഷ്യൻ കപ്പും ആരവം തീർത്ത മണ്ണിൽ ഇനി യുവത്വത്തിന്റെ കുതിപ്പാണ്. നാളെയുടെ താരങ്ങൾ ബൂട്ടുകെട്ടുന്ന അണ്ടർ 23 ഏഷ്യൻ കപ്പിന് തിങ്കളാഴ്ച കിക്കോഫ് വിസിൽ മുഴങ്ങും. മെയ് മൂന്നു വരെ നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ ഏഷ്യൻ ഫുട്‌ബോളിലെ 16 യുവശക്തികൾ മാറ്റുരയ്ക്കും. വൻകരയുടെ കിരീടത്തിനൊപ്പം ഈ വർഷം പാരീസിൽ നടക്കുന്ന ഒളിമ്പിക്‌സിലേക്കുള്ള വാതിൽ കൂടിയാണ് ഖത്തറിലെ ടൂർണമെന്റ്. ആദ്യ മൂന്നു സ്ഥാനക്കാർ നേരിട്ട് ഒളിമ്പിക്‌സ് യോഗ്യത നേടും. സെമി ഫൈനലിലെത്തുന്ന നാലാമത്തെ ടീമിന് ആഫ്രിക്കൻ ടീമുമായുള്ള പ്ലേഓഫിലൂടെയും ഒളിമ്പിക്‌സ് ബർത്തുറപ്പിക്കാൻ അവസരമുണ്ട്.

ടൂർണമെന്റിൽ മാറ്റുരക്കുന്ന ടീമുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിലെത്തിയിരുന്നു. ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ താമസ, പരിശീല സൗകര്യങ്ങൾ തന്നെയാണ് ടീമുകൾ ഉപയോഗിക്കുന്നത്. ആതിഥേയരായ ഖത്തർ, നിലവിലെ ചാമ്പ്യൻമാരായ സൗദി അറേബ്യ എന്നിവരുൾപ്പെടെ ആറ് അറബ് ടീമുകൾ മത്സരിക്കുന്നുണ്ട്.

1992 ന് ശേഷം ഒളിമ്പിക്‌സ് പ്രവേശനം ലക്ഷ്യമിട്ടാണ് ആതിഥേയരായ ഖത്തർ പന്തുതട്ടാനിറങ്ങുന്നത്. ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് ഇന്തോനേഷ്യയാണ് എതിരാളി. അൽ റയാനിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വൈകുന്നേരം 6.30നാണ് മത്സരം. ഖത്തർ അടക്കമുള്ള ടീമുകളെല്ലാം അവസാന വട്ട തയ്യാറെടുപ്പിലാണ്.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News