'മാച്ച് ഫോർ ഹോപ്പ്' ചാരിറ്റി ഫുട്ബോള്‍ മത്സരം നാളെ ഖത്തറില്‍

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷയുടെ നാമ്പാണ് മാച്ച് ഫോര്‍ ഹോപ്

Update: 2024-02-22 19:02 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'മാച്ച് ഫോർ ഹോപ്പ്' ചാരിറ്റി ഫുട്ബോള്‍ മത്സരം നാളെ ഖത്തറില്‍ നടക്കും. ലോകകപ്പ് ഫുട്ബോള്‍ വേദിയായ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷയുടെ നാമ്പാണ് മാച്ച് ഫോര്‍ ഹോപ്. കളിക്കളത്തിലെയും ഡിജിറ്റല്‍ ലോകത്തെയും സൂപ്പര്‍താരങ്ങള്‍ ഇതിനായി ബൂട്ടുകെട്ടും. ലോകകപ്പ് ഫുട്ബാളിന്‍റെയും ഏഷ്യൻകപ്പിന്‍റെയും ശ്രദ്ധേയമായ വേദിയായ അഹ്മദ് ബിൻ അലി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരം ലക്ഷ്യം കൊണ്ടും കളിക്കാരുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമാണ്.

സമൂഹമാധ്യമ ലോകത്ത് ദശലക്ഷം പേർ പിന്തുടരുന്ന താരങ്ങളായ ചങ്ക്സ്, അബൂഫ്ല എന്നിവരാണ് നായകര്‍. ഒപ്പം കക്കയും ‌കാര്‍ലോസും വിയയും മക്ലെലെയുമൊക്കെയുണ്ട്. മത്സരത്തിലൂടെ 10 ലക്ഷം ഡോളർ സമാഹരിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. മത്സരത്തിൽനിന്നുള്ള വരുമാനം പൂർണമായും മാലി, റുവാണ്ട, ടാൻസാനിയ, പാകിസ്താന്‍, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിലെ ഇ.എ.എ പദ്ധതികളിലേക്ക് നൽകും. ആഗോളതലത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഖത്തരി ഏജന്‍സിയാണ് എജ്യുക്കേഷന്‍ എബൌ ആള്‍ അഥവാ ഇ.എ.എ.

Full View

Summary: Qatar to host Match for Hope charity match tomorrow

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News