സംസ്‌കൃതി ഖത്തറിന്റെ ഈ വർഷത്തെ ശ്രീരാമൻ സ്മാരക സാഹിത്യ പുരസ്‌കാരം പ്രവാസി എഴുത്തുകാരൻ സാദിഖ് കാവിലിന്

അടുത്ത വെള്ളിയാഴ്ച്ച ദോഹയിൽ വെച്ച് അവാർഡ് സമ്മാനിക്കും

Update: 2021-11-01 18:01 GMT
Editor : Dibin Gopan | By : Web Desk
Advertising

സംസ്‌കൃതി ഖത്തറിന്റെ ഇക്കൊല്ലത്തെ സിവി ശ്രീരാമൻ സ്മാരക സാഹിത്യ പുരസ്‌കാരം പ്രവാസി എഴുത്തുകാരൻ സാദിഖ് കാവിലിന്. കല്ലുമ്മക്കായ എന്ന ചെറുകഥയാണ് പുരസ്‌കാരത്തിന് അർഹമായത്. അടുത്ത വെള്ളിയാഴ്ച്ച ദോഹയിൽ വെച്ച് അവാർഡ് സമ്മാനിക്കും.

പ്രവാസി എഴുത്തുകാർക്കായി സംസ്‌കൃതി ഖത്തർ ഏർപ്പെടുത്തുന്ന സിവി ശ്രീരാമൻ സാഹിത്യ പുരസ്‌കാരമാണ് ദോഹയിൽ പ്രഖ്യാപിച്ചത്. ദുബൈയിൽ മാധ്യമപ്രവർത്തകൻ കൂടിയായ പ്രവാസി എഴുത്തുകാരൻ സാദിഖ് കാവിൽ രചിച്ച 'കല്ലുമ്മക്കായ' എന്ന ചെറുകഥയാണ് ഇത്തവണ അവാർഡിന് അർഹമായത്. കാസർഗോഡ് സ്വദേശിയായ സാദിഖ് കഴിഞ്ഞ 15 വർഷമായി ദുബൈയിൽ മാധ്യമമേഖലയിൽ ജോലി ചെയ്യുകയാണ്. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ അശോകൻ ചരുവിൽ, സാഹിത്യനിരൂപകൻ ഇ. പി. രാജഗോപാലൻ, തിരക്കഥാകൃത്ത് കെ. എ. മോഹൻദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്.നവംബർ അഞ്ച് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് ഐ. സി. സി. അശോക ഹാളിൽ നടക്കുന്ന സംസ്‌കൃതി കേരളോത്സവം പരിപാടിയിൽ സമ്മാനിക്കും. ജൂറി അംഗങ്ങൾ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കും.

അന്നേ ദിവസം വൈകീട്ട് ആറ് മണിക്ക് സംസ്‌കൃതി കേരളോത്സവം വിവിധ കേരളീയ കലകളുടെ അവതരണത്തോടെ ഈ വേദിയിൽ വെച്ച് നടക്കും. ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുമായി 75ലേറെ കഥകൾ ഇക്കുറി മത്സരത്തിന് ലഭിച്ചതായി സംസ്‌കൃതി ഭാരവാഹികൾ അറിയിച്ചു. ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസ്‌കൃതി ഭാരവാഹികളായ അഹമ്മദ്കുട്ടി അർളയിൽ, എ. കെ. ജലീൽ, ഇ. എം. സുധീർ, ഓ. കെ. സന്തോഷ് എന്നിവർ പങ്കെടുത്തു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News