'റമദാന് വേണ്ടി ഹൃദയം ഒരുക്കാം'; സിഐസി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ: ആരോഗ്യകരമായ റമദാൻ മാസത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച നാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി. ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹമദ് ഹാർട്ട് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ സി.ഐ.സി സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽ നിന്ന് റഫർ ചെയ്യപ്പെട്ടവരും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവരിൽനിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുമായ ആളുകളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്.
'റമദാന് വേണ്ടി ഹൃദയം ഒരുക്കാം' എന്ന മുദ്രാവാക്യവുമായി ഹാർട്ട് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ പരിപാടികളും നടന്നു. ഡോ. സജ്ജാദ്, ഡോ. ജിജി മാത്യു എന്നിവർ ബോധവൽകരണ ക്ലാസുകൾ നയിച്ചു. ഹൃദ്രോഗ വിദഗ്ധരായ ഡോ. ജാസിം, ഡോ. അൻവർ, ഡോ. ഷാഹിദ്, ഡോ. സജ്ജാദ് എന്നിവർ സൗജന്യമായി വിദഗ്ധ പരിശോധനകൾക്ക് നേതൃത്വം നൽകി. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ഹമദ് ഹാർട്ട് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു.
സമാപന ചടങ്ങിൽ എച്ച്.എം.സിയുടെ ഉപഹാരം ഡോ: അൻവറിൽ നിന്ന് സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ കിഴിശ്ശേരി ഏറ്റുവാങ്ങി. ഹെഡ് നഴ്‌സ് ഓഫ് ആക്‌സസ് & ഫ്‌ലോ റഗ്ദ അഹമദ് സ്വാഗതവും കാർഡിയോളജിസ്റ്റ് ഡോ. സ്മിത അനിൽ നന്ദിയും പറഞ്ഞു. സിഐസി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, പി.ആർ ഹെഡ് നൗഫൽ പാലേരി, സെൻട്രൽ അഡൈ്വസറി കൗൺസിൽ അംഗങ്ങളായ സുധീർ ടി.കെ, ബഷീർ അഹമ്മദ്, ക്യാമ്പ് കൺവീനർ അഷ്‌റഫ് മീരാൻ എന്നിവർ സംബന്ധിച്ചു.
ഷഫീഖ് ഖാലിദ് ,സിദ്ധീഖ് വേങ്ങര, ത്വാഹിർ ടി.കെ, ജമീല മമ്മു, മുഹമ്മദ് ഉസ്മാൻ, സലീം ഇസ്മായിൽ, മുഹമ്മദ് റഫീഖ് ടി.എ, മുഹമ്മദ് സാദത്ത്, ഫായിസ് ഉളിയിൽ, മുഫീദ് ഹനീഫ, അലി കണ്ടാനത്ത്, ഷംസുദ്ദീൻ കണ്ണോത്ത്, മുഹമ്മദ് എം ഖാദർ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.