ഖത്തറില്‍ ശൈത്യകാല ക്യാമ്പിങ് സീസണ്‍ അടുത്ത മാസം രണ്ടിന് അവസാനിക്കും
ഖത്തറില്‍ ശൈത്യകാല ക്യാമ്പിങ് സീസണ്‍ അടുത്ത മാസം രണ്ടിന് അവസാനിക്കുമെന്ന് പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. പെരുന്നാള്‍ പ്രമാണിച്ച് ടെന്റുകള്‍ നീക്കം ചെയ്യാന്‍ 12 ദിവസത്തെ ഗ്രേസ് പിരീഡും അനുവദിച്ചിട്ടുണ്ട്.
തണുപ്പ് മാറി, കാലാവസഥ ചൂടിലേക്ക് നീങ്ങുന്നതിനിടെയാണ് കാമ്പിങ് സീസണിനും സമാപനമാവുന്നത്. 12 ദിവസത്തിനുള്ളില്‍ കാമ്പ് ഒരുക്കുന്നതിനായി ഉപയോഗിച്ച വസ്തുക്കളും ഉപകരണങ്ങളുമെല്ലാം നീക്കം ചെയ്യണമെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
മേയ് 14നുള്ളില്‍ എല്ലാം നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്. പെരുന്നാള്‍ അവധി കൂടി ആഘോഷിച്ച് കാമ്പിങ്ങിന് സമാപനം കുറിക്കാനാണ് നിര്‍ദേശം. 1626 ക്യാമ്പുകളാണ് സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു ക്യാമ്പിങ് സീസണിന് തുടക്കം കുറിച്ചത്.
ക്യാമ്പിങ് സുരക്ഷിതമായി നടത്തുന്നതിനായി സഹകരിച്ച ആരോഗ്യ, സുരക്ഷാ ഉള്‍പ്പെടെയുള്ള വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും പരിസ്ഥിതി മന്ത്രാലയം മേധാവികള്‍ നന്ദി അറിയിച്ചു.