മൂന്നാമത് ഖത്തർ ടോയ് ഫെസ്റ്റിവൽ ജൂലൈ ആറിന് തുടങ്ങും
ആഗസ്റ്റ് നാല് വരെ ഡിഇസിസി ഉത്സവകേന്ദ്രമായി മാറും
ദോഹ: ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന മൂന്നാമത് ഖത്തർ ടോയ് ഫെസ്റ്റിവൽ ജൂലൈ ആറിന് തുടങ്ങും. വേനൽക്കാല വിനോദ പരിപാടികളുടെ ഭാഗമായാണ് ടോയ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. വിപുലമായ കാഴ്ചകളും കളികളും ഒരുക്കിയാണ് ടോയ് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് എത്തുന്നത്. ബാർബി, മാർവൽ, ആംഗ്രി ബേർഡ്സ്, ഡിസ്‌നി പ്രിൻസസ് തുടങ്ങി കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരെല്ലാം ഖത്തറിൽ സംഗമിക്കുകയാണ്.
ജൂലൈ ആറ് മുതൽ ആഗസ്റ്റ് നാല് വരെ ഡിഇസിസി ഉത്സവകേന്ദ്രമായി മാറും. കളിപ്പാട്ടങ്ങളുടെ പരേഡും സ്റ്റേജ് ഷോകളും പ്രത്യേക ആകർഷണങ്ങളാണ്. സംഗീത പരിപാടികൾ, സയൻസ് ഷോകൾ, ഡാൻസ് ഷോകൾ തുടങ്ങി മുതിർന്നവർക്ക് കൂടി ആസ്വദിക്കാനുള്ള വിഭവങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഹൊറർ ഹൗസ്, പബ്ജി, ബാറ്റിൽ ഗ്രൗണ്ട്, ഷെർലക് ഹോംസ് എസ്‌കേപ് റൂം തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന കേന്ദ്രങ്ങൾ ഫെസ്റ്റിവലിൽ ഉണ്ടാകും. ഖത്തറിലെ വേനൽക്കാല പരിപാടികളുടെ ഭാഗമായാണ് ടോയ് ഫെസ്റ്റിവൽ നടക്കുന്നത്. പുറത്തെ ചൂടിൽ നിന്ന് മാറി കുട്ടികൾക്ക് ആസ്വദിക്കാൻ ഇവിടെ വിഭവങ്ങൾ ഒരുക്കും. നാല് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് വേനലവധി ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.