ലോകകപ്പ് യോഗ്യത: ഖത്തർ ഓസ്ട്രിയയിൽ പരിശീലനം നടത്തും, ടീമിനെ പ്രഖ്യാപിച്ചു
17 ദിവസത്തെ പരിശീലന ക്യാമ്പിനൊപ്പം രണ്ട് സൗഹൃദ മത്സരങ്ങളിലും ഖത്തർ കളിക്കും
ദോഹ: ഒക്ടോബറിൽ നടക്കുന്ന നിർണായക ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഖത്തർ ദേശീയ ഫുട്‌ബോൾ ടീം ഒരുക്കങ്ങൾ തുടങ്ങി. ഈ മാസം 11 മുതൽ 27 വരെ ഓസ്ട്രിയയിൽ വെച്ച് ടീം പരിശീലനം നടത്തും.
ഓസ്ട്രിയയിലെ 17 ദിവസത്തെ പരിശീലന ക്യാമ്പിനൊപ്പം രണ്ട് സൗഹൃദ മത്സരങ്ങളിലും ഖത്തർ കളിക്കും. പരിശീലകൻ യുലൻ ലോപെറ്റഗ്വി 30 അംഗ ടീമിനെ പ്രഖ്യാപിച്ചു. മുൻ ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഒക്ടോബറിൽ ഖത്തറിലും സൗദി അറേബ്യയിലുമായി നടക്കുന്ന നാലാം റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ കഴിഞ്ഞാൽ അമേരിക്കൻ ലോകകപ്പിലേക്ക് ഖത്തറിന് നേരിട്ട് യോഗ്യത നേടാം. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാവുകയാണെങ്കിൽ ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് മത്സരം കളിച്ച് ലോകകപ്പ് പ്രവേശനത്തിന് അവസരം തേടേണ്ടി വരും. ഏഷ്യയിൽ നിന്ന് നേരിട്ട് രണ്ട് ടീമുകൾക്കാണ് ഇനിയുള്ള ലോകകപ്പ് ബെർത്തിന് അവസരമുള്ളത്. ഖത്തറും സൗദി അറേബ്യയും ഉൾപ്പെടെ ആറ് ടീമുകളാണ് ഇതിനായി മത്സരരംഗത്തുള്ളത്.