രൂപയ്ക്ക് മൂല്യതകർച്ച; നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്
രൂപയുടെ മൂല്യ തകർച്ചയും, ശമ്പളം ലഭിക്കുന്ന സമയവും ഒന്നിച്ച് വന്നത് പ്രവാസികൾക്ക് തുണയായി.
ഇന്ത്യൻ രൂപയുടെ മൂല്യ തകർച്ച പ്രവാസികൾക്ക് നേട്ടമായി. സൗദി റിയാലിന് 19 രൂപ 93 പൈസ വരെയാണ് ഇന്ന് ലഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ടാണ്.
സൗദി റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇതോടെ സൗദിയിലെ വിവിധ ബാങ്കുകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഒരു റിയാലിന് 19 രൂപ 70 പൈസ മുതൽ 19 രൂപ 93 പൈസ വരെയാണ് നൽകി കൊണ്ടിരിക്കുന്നത്.
രൂപയുടെ മൂല്യ തകർച്ചയും, ശമ്പളം ലഭിക്കുന്ന സമയവും ഒന്നിച്ച് വന്നത് പ്രവാസികൾക്ക് തുണയായി. ബാങ്കുകളിലെല്ലാം ഇന്ത്യൻ പ്രവാസികളുടെ വൻ തിരക്കാണ് കാണപ്പെടുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ പല ബാങ്കുകളും സർവീസ് ചാർജ് ഈടാക്കാതെയാണ് പണമയക്കാൻ സംവിധാനം ഒരുക്കിയത്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചതും, ഓഹരി വിപണിയിലെ തകർച്ചയും ഡോളർ കരുത്താർജ്ജിച്ചതുമാണ് രൂപയുടെ മൂല്യ തകർച്ചക്ക് കാരണം.