തണുപ്പേറും മക്കളേ....; അൽ ശബ്തിലേക്ക് കടന്ന് യുഎഇ
ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കും
ദുബൈ: വർഷത്തിലെ ഏറ്റവും തണുപ്പുള്ള ശൈത്യകാലമായി പരമ്പരാഗതമായി കണക്കാക്കപ്പെടുന്ന അൽ ശബ്തിലേക്ക് കടന്ന് യുഎഇ. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് (AUASS) അംഗവുമായ ഇബ്രാഹിം അൽ ജർവാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 10 വരെയാണ് സീസൺ നീണ്ടുനിൽക്കുക. ആകെ 26 ദിവസമാണുണ്ടാകുക.
അൽ ശബ്തിന്റെ ആദ്യ പകുതിയിൽ താപനിലയിൽ കുത്തനെ ഇടിവ് സംഭവിക്കുമെന്ന് അൽ ജർവാൻ പറഞ്ഞു. ഇതിൽ വടക്കൻ ശൈത്യകാല കാറ്റുകൾ പ്രധാന പങ്ക് വഹിക്കുമെന്നും ഇത് തുറന്ന പ്രദേശങ്ങളിൽ തണുപ്പ് വർധിപ്പിക്കുമെന്നും വ്യക്തമാക്കി.
യുഎഇയിലെ ഇന്നത്തെ താപനില 9°ഇ നും 26°ഇ നും ഇടയിലായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ദുബൈയിലും അബൂദബിയിലും കുറഞ്ഞ താപനില യഥാക്രമം 18°C ഉം 20°C ഉം ആയിരിക്കും. രണ്ട് നഗരങ്ങളിലും ഉയർന്ന താപനില 23°C ആയിരിക്കും.
യുഎഇയിലെ ആകാശം ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം പറയുന്നു. ചില തീരപ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും അറിയിപ്പിലുണ്ട്. ചില പ്രദേശങ്ങളിൽ രാത്രിയിലും ഞായറാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായി മാറും. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുകയും ചില സമയങ്ങളിൽ ശക്തമാവുകയും ചെയ്യും.