ഫലസ്തീനിൽ നിന്ന് 1000 പേർ സൗദി രാജാവിന്റെ അതിഥികളായി ഇത്തവണ ഹജ്ജിനെത്തും

രക്തസാക്ഷികൾ, ജയിലിലുള്ളവർ എന്നിവരുടെ ബന്ധുക്കളാണ് എത്തുക

Update: 2025-05-19 17:37 GMT
Editor : Thameem CP | By : Web Desk

ജിദ്ദ: ഫലസ്തീനിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾ സൗദി രാജാവിന്റെ അതിഥികളായി ഇത്തവണ ഹജ്ജിനെത്തും. ഫലസ്തീനിലെ രക്തസാക്ഷികളായവരുടേയും, പരിക്കേറ്റവരുടേയും, തടവിലാക്കപ്പെട്ടവരുടേയും കുടുംബാംഗങ്ങളായ ആയിരത്തോളം പേരാണ് ഹജ്ജിനെത്തുക. തീരുമാനത്തിന് പിന്നാലെ ഇവരെ കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഇവർക്കായി ഹജ്ജ് നഗരികളിൽ പ്രത്യേക സോണുകൾ ഒരുക്കും. ഫലസ്തീന് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികളും ഇത്തവണ ഹജ്ജിനുണ്ടാകും. ഇവരെ സൗദി അറേബ്യയിൽ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി വരികയാണ്.

മദീന സന്ദർശനത്തിനും പ്രവാചകന്റെ പള്ളിയിലെ പ്രാർഥനയ്ക്കുമായി രാജാവിന്റെ അതിഥികളായെത്തുന്നവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ഈ അതിഥികളുടെ ഒത്തുചേരൽ വഴി ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി പറഞ്ഞു. 26 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് ഈ പദ്ധതി. ഇതു വഴി ഫലസ്തീനികളടക്കം 64,000ത്തിലധികം സ്ത്രീകളും പുരുഷന്മാരും ഹജ്ജ് പൂർത്തിയാക്കിയിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News