കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട് ജിദ്ദയിൽ പുതിയ നഗരം വരുന്നു

പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുൾപ്പെടുത്തിയാണ് ജിദ്ദയുടെ വടക്കു ഭാഗത്തായി മറാഫി എന്ന പേരിൽ പുതിയ നഗരം നിർമിക്കുന്നത്.

Update: 2023-08-30 18:33 GMT
Advertising

ജിദ്ദ: 11 കിലോമീറ്റർ വലിപ്പത്തിൽ കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട് ജിദ്ദയിൽ പുതിയ നഗരം വരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ ആഗോള നഗരങ്ങളുടെ നിരയിലേക്ക് ജിദ്ദയെ ഉയർത്തുന്നതായിരിക്കും ഈ വിസ്മയ നഗരം. സൗദി പബ്ലിക് ഇൻവെസ്റ്റമെന്റ് ഫണ്ടിന് കീഴിലുള്ള റോഷൻ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുൾപ്പെടുത്തിയാണ് ജിദ്ദയുടെ വടക്കു ഭാഗത്തായി മറാഫി എന്ന പേരിൽ പുതിയ നഗരം നിർമിക്കുന്നത്. നഗരത്തിന് ചുറ്റും 11 കിലോമീറ്റർ ദൈർഘ്യത്തിൽ വെള്ളവും നൗകകളുമൊഴുകുന്ന കനാലാണ് നിർമിക്കുക. 1,30,000 ലധികം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള നഗരമായിരിക്കുമിത്.

സൗദിയിലെ നഗരങ്ങളിൽ ഇതാദ്യമായാണ് കൃത്രിമ ജല കനാലൊരുക്കുന്നത്. ചിക്കാഗോ, സ്റ്റോക്ക്‌ഹോം, ഹാംബർഗ്, സെൻട്രൽ ലണ്ടൻ എന്നിവിടങ്ങളിലെ ജലാശയങ്ങൾക്ക് സമാനമായിരിക്കും ഈ കനാൽ. ഒരു വശത്ത് വീടുകളെയും പാർപ്പിട സമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന ജല-നഗര ഇടനാഴിയും മറുവശത്ത് പ്രകൃതി, വാണിജ്യ, വിനോദ കേന്ദ്രങ്ങളും ജീവിതശൈലി മെച്ചപ്പെടുത്തുന്ന കെട്ടിടങ്ങളും കൊണ്ട് വിസ്മയിപ്പിക്കുന്നതായിരിക്കും ഈ നഗരം.

ഏറ്റവും പുതിയ നിർമാണ സാങ്കേതികവിദ്യകൾക്കൊപ്പം ചരിത്രനഗരമായ ജിദ്ദയുടെ സാംസ്കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകവും സംരക്ഷിക്കുംവിധമാണ് നഗരത്തിൻ്റെ രൂപകൽപ്പന. കനാലിനാൽ ചുറ്റപ്പെട്ട 'മറാഫി' പ്രദേശങ്ങളെ ജിദ്ദയുടെ മറ്റു ഭാഗങ്ങളുമായി വാട്ടർ ടാക്സികൾ, ബസ് സർവീസുകൾ, മെട്രോ സ്റ്റേഷൻ, വിമാനത്താവളം എന്നിവയിലൂടെ ബന്ധിപ്പിക്കും. മറാഫി പദ്ധതിയിലൂടെ ജിദ്ദയെ ആഗോള നഗരങ്ങളുടെ നിരയിൽ എത്തിക്കുമെന്ന് റോഷൻ ഗ്രൂപ്പ് സി.ഇ.ഒ ഡേവിഡ് ഗ്രോവർ പറഞ്ഞു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News