ഹജ്ജ് തീർഥാടകരുടെ താമസം; നാലര ലക്ഷം ഹോട്ടൽ മുറികൾ സജ്ജമായി

ഹജ്ജ് തീർഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വൻ ക്രമീകരണങ്ങളാണ് താമസ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്

Update: 2023-06-03 19:02 GMT

മക്കയിൽ ഹജ്ജ് തീർഥാടകർക്ക് താമസിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാലര ലക്ഷത്തോളം ഹോട്ടൽ മുറികളാണ് തീർഥാടകർക്കായി സജ്ജമാക്കിയത്. സൂക്ഷ്മ പരിശോധനക്ക് ശേഷം മൂവായിരത്തി അഞ്ഞൂറോളം കെട്ടിടങ്ങൾക്ക് താമസാനുമതി നൽകിയതായി അധികൃതർ അറിയിച്ചു.

ഹജ്ജ് തീർഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വൻ ക്രമീകരണങ്ങളാണ് താമസ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. അന്തിമ പരിശോധനക്ക് ശേഷം ഇത് വരെ 3442 കെട്ടിടങ്ങൾക്ക് തീർഥാടകരെ താമസിപ്പിക്കാൻ എൻജിനീയറിംഗ് വിഭാഗം അനുമതി നൽകി. 19 ലക്ഷത്തോളം ഹാജിമാർക്ക് താമസിക്കാൻ ശേഷിയുള്ള 4,40,000 ഹോട്ടൽ മുറികൾ സജ്ജമായി കഴിഞ്ഞു. തീർഥാടകർ എത്തിത്തുടങ്ങുന്നതിന് മുമ്പ് തന്നെ താമസ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മക്ക മുനിസിപ്പാലിറ്റി വക്താവ് പറഞ്ഞു.

Advertising
Advertising

അനുമതി നൽകിയ കെട്ടിടങ്ങളിൽ ഹാജിമാരുടെ താമസ മേൽനോട്ട സമിതിയുടെ നേതൃത്വത്തിൽ നിരന്തരം നിരീക്ഷണം നടത്തിവരികയാണ്. കെട്ടിടത്തിന്റെ സുരക്ഷക്കാവശ്യമായ എല്ലാ കാര്യങ്ങളും മേൽനോട്ട സമിതി പരിശോധിച്ച് ഉറപ്പുവരുത്തും. ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് കെട്ടിടങ്ങളുടെ മേൽനോട്ട സമിതി പ്രവർത്തിച്ച് വരുന്നത്. എല്ലാ വർഷവും മുഹറം ആദ്യവാരം തുടങ്ങുന്ന പ്രവർത്തനം റജബ് അവസാനം വരെ തുടരും. കെട്ടിടങ്ങൾ എല്ലാ നിബന്ധനകളും പുർത്തീകരിച്ചിട്ടുണ്ടെങ്കിൽ റജബ് മാസം അന്തിമാനുമതി നൽകും. ദുൽഖഅദ ആദ്യം മുതൽ ദുൽഹജ്ജ് അവസാനം വരെയാണ് സമിതിയുടെ രണ്ടാം ഘട്ട പ്രവർത്തനം. ഈ ഘട്ടത്തിൽ കെട്ടിടങ്ങളിൽ വിശദമായ പരിശോധന നടത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും മുനിസിപാലിറ്റി വക്താവ് വിശദീകരിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News