സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം; നിയമം ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക

Update: 2021-07-22 01:25 GMT
Advertising

സൗദിയില്‍ അടുത്ത മാസം മുതല്‍ സ്വകാര്യ-പൊതു സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഓഗസ്റ്റ് ഒന്നുമുതല്‍ തന്നെ നിയന്ത്രണം പ്രാബല്യത്തിലാകുമെന്ന് മുനിസിപ്പല്‍, ഗ്രാമ-ഭവനകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാക്സിന്‍ സ്വീകരിക്കുകയോ, കോവിഡ് ബാധിച്ച് സുഖം പ്രാപിക്കുകയോ വഴി തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആയവര്‍ക്ക് മാത്രമേ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പ്രവേശനം അനുവദിക്കൂ.

നിലവില്‍ പല സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിന് തവക്കല്‍നാ സ്റ്റാറ്റസ് ഇമ്മ്യൂണ്‍ ആയിരക്കണമെന്ന് നിബന്ധനയുണ്ട്. ഇതിന് പുറമെ വാണിജ്യ കേന്ദ്രങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മൊത്തവ്യാപാര കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പന ശാലകള്‍, പൊതു മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, പുരുഷന്മാരുടെ ബാര്‍ബര്‍ഷോപ്പുകള്‍, വനിതാ ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഓഗസ്റ്റ് ഒന്ന് മുതല്‍ നിയന്ത്രണം ബാധകമാകും.

സൗദിയില്‍ അംഗീകാരമുള്ള വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവര്‍ക്കും തവക്കല്‍നയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഇമ്മ്യൂണ്‍ കാലയളവില്‍ പ്രവേശനം അനുവദിക്കും. അതേസമയം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ച ശേഷവും തവക്കല്‍നയില്‍ അപ്ഡേറ്റാകാത്തവര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന രേഖകള്‍ സമര്‍പ്പിച്ച് ഇമ്മ്യൂണ്‍ ആകേണ്ടതാണ്. അല്ലാത്തപക്ഷം ഇത്തരക്കാര്‍ക്ക് ജോലി ചെയ്യുന്നതിനുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നിന് അനുവാദമുണ്ടാകില്ല.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News