ലഹരി ലഭിച്ചില്ല; സൗദിയിൽ ഇന്ത്യക്കാരനെ മകൻ ക്രൂരമായി കൊലപ്പെടുത്തി

കൊല്ലപ്പെട്ട ബ്രിഗ്‌നാഥിന്റെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും ശരീരമാസകലം കടിച്ച് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്

Update: 2025-01-22 08:11 GMT

റിയാദ്: സൗദിയിലെ ജുബൈലിൽ ഇന്ത്യക്കാരനെ മകൻ ക്രൂരമായി കൊലപ്പെടുത്തി. സേഫ്റ്റി ടെക്‌നീഷ്യനായി ജോലി ചെയ്തു വന്നിരുന്ന ഉത്തർ പ്രദേശ് ലഖ്‌നൗ സ്വദേശി ശ്രീകൃഷ്ണ ബ്രിഗ്‌നാഥ് യാദവിനെയാണ് മകൻ കുമാർ യാദവ് അതിദാരുണമായി കൊലപ്പെടുത്തിയത്. കേസിൽ മകൻ പിടിയിലായി. ബ്രിഗ്‌നാഥിന്റെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും ശരീരമാസകലം കടിച്ച് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. സൗദി സുരക്ഷാ വിഭാഗത്തിൽ നിന്ന് സാമൂഹ്യ പ്രവർത്തകർക്ക് ലഭിച്ച വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്.

ലഹരിക്ക് അടിമയായ മകനെ അതിൽ നിന്ന് രക്ഷിക്കാനായി ഒന്നര മാസം മുമ്പാണ് ബ്രിഗ്‌നാഥ് സൗദിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഇവിടെയെത്തിയ മകൻ ലഹരി വസ്തുക്കൾ ലഭിക്കാത്തതിനെ തുടർന്ന് അക്രമാസക്തനാവുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, സൈഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ സൗദി സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News