സൗദിയിൽ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു

ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് വഴിയോ, നുസ്‌ക് ആപ്ലിക്കേഷൻ വഴിയോ ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്

Update: 2023-01-05 18:06 GMT
Advertising

സൗദിയിൽ ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നാല് വ്യത്യസ്ഥ നിരക്കിലുള്ള പാക്കേജുകളാണ് ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് വഴിയോ, നുസ്‌ക് ആപ്ലിക്കേഷൻ വഴിയോ ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്.

വ്യത്യസ്ഥ സേവനങ്ങൾ നൽകുന്ന നാല് പാക്കേജുകളാണ് ആഭ്യന്തര ഹജ്ജ് തീർഥാടകർക്കായി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. മൂല്യ വർധിത നികുതിയുൾപ്പെടെ 3,984 റിയാൽ, 8,092റിയാൽ, 10,596 റിയാൽ, 13,150 റിയാൽ എന്നിങ്ങനെയാണ് പാക്കേജുകൾ. മൂന്ന് തവണകളായി പണമടക്കാൻ സൌകര്യമുണ്ട്. ലോക്കൽ ഹജ്ജ് ഡോട്ട് ഹജ് ഡോട്ട് ജിഒവി ഡോട്ട് എസ്.എ എന്ന വെബ് സൈറ്റ് വഴിയോ, നുസ്‌ക് ആപ്ലിക്കേഷൻ വഴിയോ ഹജ്ജിന് അപേക്ഷിക്കാം. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണയും മുൻഗണന . എന്നാൽ സ്ത്രീകളോടൊപ്പം മഹറം ആയി വരുന്നവർക്ക് ഈ നിബന്ധനയിൽ ഇളവ് ലഭിക്കും.

വിദേശികളുടെ ഇഖാമക്കും സ്വദേശികളുടെ ഐഡി കാർഡിനും ഈ വർഷം ദുൽഹജ്ജ് അവസാനിക്കുന്നതുവരെ കാലാവധിയുണ്ടായിരിക്കണം. ഒരു രജിസ്ട്രേഷനിൽ പരമാവധി 13 പേരെ ആശ്രിതരായി ഉൾപ്പെടുത്താം. ആശ്രിതരുണ്ടെങ്കിൽ എല്ലാവരുടെയും രജിസ്‌ട്രേഷൻ ഒന്നിച്ച് ഒരു കമ്പനിയുടെ ഒരേ പാക്കേജിൽ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. തെരഞ്ഞെടുത്ത പാക്കേജിൽ മാറ്റം അനുവദിക്കില്ല. എന്നാൽ നിലവിലെ രജിസ്ട്രേഷൻ റദ്ദാക്കിയ ശേഷം പുതിയ രജിസ്ട്രേഷന് നേടാം.

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു രജിസ്ട്രേഷൻ മാത്രമേ അനുവദിക്കൂ. തീർഥാടകർ എല്ലാവിധ പകർച്ചവ്യാധികളിൽ നിന്നും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും മുക്തരായിരിക്കണം. ഹജ്ജിന് അനുമതി ലഭിക്കുന്നവർ അവരുടെ അനുമതി പത്രം അബ്ഷീർ അക്കൗണ്ടിൽ നിന്നും ഡൗൺലോഡ് ചെയ്ത് ക്യൂ.ആർ കോഡ് ഉൾപ്പെടെ വ്യക്തമാകുന്ന രീതിയിൽ പ്രിൻ്റ് ചെയ്ത കോപ്പി ഹജ്ജ് സമയത്ത് കൈവശം വേക്കേണ്ടതാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News