ഹജ്ജ്: ഇന്നു മുതൽ ജൂൺ ആറ് വരെ സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസകളിൽ പ്രവേശനമില്ല

സാധാരണ ജിദ്ദ വിമാനത്താവളങ്ങളിലേക്ക് മാത്രമാണ് നിയന്ത്രണമുണ്ടാകാറുള്ളത്

Update: 2025-05-17 17:35 GMT

റിയാദ്: ഹജ്ജിന് മുന്നോടിയായി സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസകൾക്ക് നിയന്ത്രണം. ഇന്നു മുതൽ ജൂൺ 6 വരെ സൗദിയിലേക്ക് സന്ദർശക വിസകളിൽ പ്രവേശനമുണ്ടാകില്ലെന്ന് ജവാസാത്ത് വിഭാഗം സന്ദേശം നൽകിത്തുടങ്ങി. മുൻകാലങ്ങലിൽ ജിദ്ദ വിമാനത്താവളത്തിലേക്ക് മാത്രമാണ് നിയന്ത്രണമുണ്ടായിരുന്നത്. ഇന്ന് രാവിലെ മുതലാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ജവാസാത്തിൽ നിന്നും പ്രവാസികൾക്ക് സന്ദേശ ലഭിക്കുന്നത്. ജൂൺ ആറ് വരെ സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസകളിൽ പ്രവേശിക്കാൻ കഴിയില്ലെന്നാണ് സന്ദേശത്തിന്റെ ചുരുക്കം. ഹജ്ജിന് മുന്നോടിയായാണ് നിയന്ത്രണമെന്നും ഇതിൽ പറയുന്നുണ്ട്. എന്നാൽ വിമാനക്കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം ഇതുവരെ എത്തിയിട്ടില്ല. അതിർത്തി കടന്ന കരമാർഗമുള്ള യാത്രക്കും നിലവിൽ തടസ്സങ്ങളൊന്നും ഇല്ല. പക്ഷേ വരാനിരിക്കുന്ന നിയന്ത്രണത്തിന്റെ സൂചനയാണിത്.

Advertising
Advertising

സന്ദർശക വിസകളിൽ സൗദിക്ക് പുറത്തേക്ക് പോയവർ വേഗത്തിൽ മടങ്ങിയെത്തുന്നതാകും നിലവിലെ സാഹചര്യത്തിൽ നല്ലത്. അസ്വാഭാവിക രീതിയിലാണ് ഇത്തവണ ഹജ്ജിനായി സൗദി അറേബ്യ ഒരുങ്ങുന്നത്. കർശന നിയന്ത്രണത്തിന് പിന്നാലെ മക്ക ഹറം ഉൾപ്പെടെ മുമ്പുള്ളതു പോലെ തിരക്കില്ല. സന്ദർശക വിസയിലെത്തി മക്കയിലേക്ക് കടക്കാൻ ശ്രമിച്ച പലരും പിടിയിലാകുന്നത് തുടരുകയാണ്. കഴിഞ്ഞ വർഷം ഹജ്ജിനെത്തി അനധികൃതമായി ഹജ്ജ് ചെയ്ത പലരും കൊടും ചൂടിൽ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവിധ രാജ്യങ്ങൾക്കുള്ള വിസ സ്റ്റാമ്പിങ്ങിലുൾപ്പെടെ താൽക്കാലിക തടസ്സം നേരിടുന്നുണ്ട്. പുതിയ സന്ദേശത്തിൽ ജൂൺ ആറ് എന്ന തിയതി പറയുന്നതും പ്രവാസികൾക്ക് ആശ്വാസമാകും. ഇതുവരെ വിസിറ്റ് വിസ നിയന്ത്രണ സന്ദേശങ്ങളിലൊന്നും തീയതി രേഖപ്പെടുത്തിയിട്ടില്ല. മറ്റു തരം വിസകളിലെ നിയന്ത്രണം സന്ദേശങ്ങളിൽ പറയുന്നില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News