സൗദിയിലേക്കുള്ള വിമാനയാത്രാ മാനദണ്ഡങ്ങൾ കർശനമാക്കി; ഫെബ്രുവരി ഒമ്പത് മുതൽ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത സ്വദേശികൾക്ക് സൗദിയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകാനും ഫെബ്രുവരി ഒമ്പത് മുതൽ അനുവാദമുണ്ടാകില്ല

Update: 2022-02-03 16:14 GMT

സൗദി അറേബ്യയിലേക്കുള്ള വിമാനയാത്രാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. രാജ്യത്തേക്ക് വരുന്നവരെല്ലാം യാത്ര പുറപ്പെടുന്നതിന്റേയോ സൗദിയിലെത്തുന്നതിന്റേയോ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണ്. എന്നാൽ എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പി.സി.ആർ പരിശോധന നിർബന്ധമില്ല. ഇത് വരെ സൗദിയിലേക്ക് വന്നിരുന്ന പ്രവാസികൾ യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമായിരുന്നു വിമാനത്താവളങ്ങളിൽ ഹാജരാക്കിയിരുന്നത്. ഫെബ്രുവരി ഒമ്പത് മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും.

Advertising
Advertising

ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത സ്വദേശികൾക്ക് സൗദിയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകാനും ഫെബ്രുവരി ഒമ്പത് മുതൽ അനുവാദമുണ്ടാകില്ല. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ട സ്വദേശികൾക്ക് മാത്രമാണ് ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസ് എടുക്കാതെ രാജ്യത്തിന് പുറത്ത് പോകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും തവക്കൽനാ സ്റ്റാറ്റസ് പ്രകാരം ബൂസ്റ്റർ ഡോസ് നിർബന്ധമില്ലാത്ത വിഭാഗത്തിൽ പെട്ടവർക്കും ഇതിൽ ഇളവ് ലഭിക്കും. എന്നാൽ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കോ മറ്റു വിദേശ രാജ്യങ്ങളിലേക്കോ പോകുന്ന പ്രവാസികൾ ആ രാജ്യങ്ങളിലെ യാത്രാ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്. സൗദിയിൽ നിന്ന് കേരളത്തിലേക്ക് പോകുന്നവർ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റേയും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റേയും കോപ്പി എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴു ദിവസത്തിൽ കൂടുതൽ കേരളത്തിൽ തങ്ങുന്നവർ ഏഴു ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നുമാണ് പുതിയ ചട്ടം.

Flight standards for Saudi Arabia tightened; Must produce PCR negative certificate

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News