ഹജ്ജ് കർമങ്ങൾ അവസാനിച്ചു; നാട്ടിലേക്കുള്ള ഹാജിമാരുടെ മടക്കം വ്യാഴാഴ്ച മുതൽ

മലയാളി ഹാജിമാർ മദീന സന്ദർശനത്തിന് പുറപ്പെടും

Update: 2025-06-09 17:43 GMT

മക്ക: ഹജ്ജിന്റെ മുഴുവൻ കർമ്മങ്ങളും അവസാനിച്ചതോടെ വ്യാഴാഴ്ച മുതൽ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. മിനായിൽ നിന്ന് ഇന്ത്യൻ ഹാജിമാർ ഇന്ന് താമസസ്ഥലത്തേക്ക് തിരിച്ചെത്തി. മലയാളി ഹാജിമാർ എട്ട് ദിനങ്ങളിലെ മദീന സന്ദർശനം പൂർത്തിയാക്കിയാകും മടങ്ങുക.

ആറുദിവസം നീണ്ട ഹജ്ജ് കർമ്മങ്ങൾക്കാണ് ഇന്ന് സമാപനമായത്. ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം ഹാജിമാർ ഇന്നലെ തന്നെ മടങ്ങിയിരുന്നു. എന്നാൽ മലയാളി തീർഥാടകർ ഇന്നാണ് തിരിച്ചെത്തിയത്. ഹജ്ജ് ദിനങ്ങൾക്കായി ഒരുക്കിയ സൗകര്യങ്ങൾ ഇത്തവണ ഏറെ മികച്ചതായിരുന്നു. മിനയിൽ നിന്ന് വിട പറയുമ്പോൾ തൃപ്തിയോടെയാണ് ഓരോ ഹാജിയും മടങ്ങുന്നത്.

Advertising
Advertising

ഇനി മടക്കയാത്രയുടെ നാളുകളാണ്. കഅ്ബക്കരികിലുള്ള യാത്ര പറഞ്ഞുള്ള ത്വവാഫ് മാത്രമാണ് ഇനി ബാക്കി. ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ മടക്കയാത്ര വ്യാഴാഴ്ച ആരംഭിക്കും. മദീന സന്ദർശനത്തിനും അതേ ദിവസം തന്നെ ആദ്യ സംഘം ഹാജിമാർ പുറപ്പെടും. മദീനയിൽ എട്ട് ദിവസം സന്ദർശനം നടത്തിയാകും ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കം.

ഹജ്ജിന് മികച്ച സൗകര്യങ്ങൾ; പ്രശംസിച്ച് ലോക നേതാക്കൾ

മക്ക: ഹജ്ജിന് ഒരുക്കിയ മികച്ച സൗകര്യങ്ങൾ തീർഥാടകർക്ക് ഇത്തവണ തുണയായി. സംതൃപ്തിയോടെയാണ് ഓരോ തീർഥാടകരും മിനയോട് വിട പറഞ്ഞത്. വിവിധ അറബ് രാജ്യങ്ങളിലെ നേതാക്കൾ ഹജ്ജ് വിജയത്തെ പ്രശംസിച്ച് രംഗത്തെത്തി.

കടുത്ത നിയന്ത്രണങ്ങളും മികച്ച സൗകര്യങ്ങളും ഇത്തവണത്തെ ഹജ്ജിന്റെ പ്രത്യേകതയായിരുന്നു. മിനയിൽ നിന്ന് മടങ്ങുമ്പോൾ ഓരോ ഹാജിക്ക് പറയാനുള്ളതും ഇതുതന്നെയാണ്. ഒന്നര മാസത്തോളം നീണ്ട നിയന്ത്രണങ്ങൾ. ഇതോടെ മക്കയിലെ തെരുവുകളും ഹജ്ജ് ദിനങ്ങളിലെ പുണ്യസ്ഥലങ്ങളും ഒഴിഞ്ഞിരുന്നു. തീർഥാടകരുടെ യാത്ര എളുപ്പമായി. സേവനങ്ങളെല്ലാം തീർഥാടകർക്ക് പൂർണമായി ലഭിച്ചു. പ്രയാസം ഏതുമില്ലാതെ ഹജ്ജ് അവസാനിപ്പിച്ച സംതൃപ്തിയിലാണ് ഹാജിമാർ. ഒന്നര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് ആറ് ദിവസം നീണ്ട ഹജ്ജ് കർമ്മങ്ങൾക്ക് കാവലിരുന്നത്. പൂർണതയിൽ കർമങ്ങൾ പൂർത്തിയാക്കി പാപമുക്തരായാണ് ഓരോ ഹാജിയും മടങ്ങുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News