സൗദിയിലെ ഫാസ്റ്റ്-ഫുഡ് ശൃംഖലയായ ഹാംബർഗിനി അടച്ചുപൂട്ടും
കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചതോടെ ആസ്തികൾ വിറ്റ് കടം വീട്ടേണ്ടി വരും
റിയാദ്: സൗദി അറേബ്യയിലെ ജനപ്രിയ ഫാസ്റ്റ്-ഫുഡ് ശൃംഖലയായ ഹാംബർഗിനി സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തകർന്നു. കഴിഞ്ഞ വർഷമുണ്ടായ ഭക്ഷ്യ വിഷബാധ കമ്പനിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. കമ്പനിയെ റിയാദിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചതോടെ ആസ്തികൾ വിറ്റ് കടം വീട്ടേണ്ടി വരും.
2013-ൽ റിയാദിൽ ആരംഭിച്ച ബർഗർ ഫാസ്റ്റ്ഫുഡ് ചെയിനാണ് ഹാംബർഗിനി. 57 ശാഖകളുമായി സൗദിയിലെ ഏറ്റവും വേഗത്തിൽ വളർന്ന ബർഗർ ബ്രാൻഡ്. ആയിരത്തിലേറെ പേർ നേരിട്ടും അല്ലാതെയും ഇവിടെ ജോലിചെയ്യുന്നുണ്ട്.
2024ലുണ്ടായ ഭക്ഷ്യ വിഷബാധയാണിപ്പോൾ കമ്പനിയെ സാമ്പത്തികമായി തകർത്തത്. റിയാദിലെ ഒരു ശാഖയിലെ മയോണൈസിൽ നിന്നും ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ സൃഷ്ടിച്ച ഭക്ഷ്യവിഷബാധ 75 പേരെ ആശുപത്രിയിലാക്കി. ഒരാൾ മരിക്കുകയും ചെയ്തു. ഇതേ തുടർന്ന് ശാഖകളെല്ലാം അടച്ചുപൂട്ടി. ഡെലിവറി സേവനങ്ങൾ നിർത്തി. ഉൽപ്പന്നങ്ങൾ പിൻവലിച്ചു. മയോനൈസ് വിതരണം ചെയ്ത കമ്പനിയുടേതാണ് പാളിച്ചയെങ്കിലും ഇത് ബ്രാന്റിന്റെ ജനപ്രീതിയെ ബാധിച്ചു. കഴിഞ്ഞ ദിവസം ഹാംബർഗിനി പാപ്പരായെന്ന് കമ്പനി മേധാവിമാർ തന്നെ പ്രഖ്യാപിച്ചു. ഇതോടെ റിയാദിലെ കോടതി ആസ്തികൾ വിറ്റ് ബാധ്യത തീർക്കാൻ കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്. ഈ നടപടികൾ പൂർത്തിയാകുന്നതോടെ ബ്രാന്റ് വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും.