സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
മക്ക, അസീർ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിൽ റെഡ് അലർട്ട്
ജിദ്ദ: സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മക്ക, അസീർ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
സൗദിയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് മഴയെത്തിയത്. ഞായറാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടായി. മക്ക, മദീന, അൽ ബാഹ, അസീർ എന്നീ പ്രവിശ്യകളിലെ വിവിധ ഇടങ്ങളിലാണ് കൂടുതൽ മഴയെത്തിയത്. മഴയോടൊപ്പം ത്വായിഫ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആലിപ്പഴവർഷവും ഇടിമിന്നലും ഉണ്ടായി. ചില ഇടങ്ങളിൽ ഗതാഗതം തടസ്സവും നേരിട്ടിരുന്നു. ഇന്ന് അൽ ബാഹയിലെ അൽ കുറ, മന്ദക്ക്, ബൽജുർശി എന്നിവിടങ്ങളിലും മക്കയിലെ മൈസാൻ, അൽ ഷഫ എന്നിവിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അസീറിലെ അൽ നമാസ്, തനൂം തുടങ്ങിയ പ്രദേശങ്ങളിലും റെഡ് അലർട്ട് ഉണ്ടായി.
മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വടക്കൻ അതിർത്തി പ്രദേശങ്ങൾ, നജ്‌റാൻ, റിയാദ്, മക്ക, ജിദ്ദ, റാബിഖ് തുടങ്ങിയ പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.