സൗദി അറേബ്യയെയും കുവൈത്തിനേയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽപാത യാഥാര്‍ത്ഥ്യമാവുന്നു
പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയാക്കാൻ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ നിയോഗിച്ചു
സൗദിയില്‍ നിന്നും കുവൈത്തിലെ ഷദ്ദാദിയ യുമായി ബന്ധിപ്പിച്ചുള്ള റെയില്‍ പാതക്ക് കുവൈത്തില്‍ നൂറിലേറെ കിലോമീറ്റര്‍ ദൂരമാണുള്ളത്.യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാൽ ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് ഈ റെയിൽപാത ഇടയാക്കും. അതിനിടെ ഗൾഫ് റെയിൽവേ ശൃംഖലയുടെ പദ്ധതികൾ കുവൈത്തില്‍ പുരോഗമിക്കുകയാണ്....
ഒരു ദശലക്ഷം ദിനാർ ചെലവ് പ്രതീക്ഷിക്കുന്ന ആദ്യ ഘട്ട പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി പഠനവും രൂപരേഖയും തയ്യാറായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.മേയ് മുപ്പതിനാണ് ടെൻഡർ രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ജി.സി.സി അംഗരാജ്യങ്ങളിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് റെയില്‍വേ പദ്ധതിക്ക് രൂപം നല്‍കിയത്.2,117 കിലോമീറ്ററാണ് ജിസിസി റയില്‍വേയുടെ ആകെ ദൂരം.
ഗള്‍ഫ് രാജ്യങ്ങൾ അതത് മേഖലകളിലെ ജോലി പൂർത്തീകരിച്ച് ആദ്യഘട്ടം 2018ൽ യാഥാർഥ്യമാക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും എണ്ണവിലയിടിവും കോവിഡും കാരണം കൂടുതല്‍ മുന്നോട്ടുപോകാനായിരുന്നില്ല. എന്നാല്‍ 2021 ജനുവരിയിൽ ഒപ്പിട്ട അൽ-ഉല പ്രഖ്യാപനമാണ് ജിസിസി റെയിൽവേ പദ്ധതിയെ വീണ്ടും സജീവമാക്കിയത്.