സൗദിയിലെ നിർമ്മാണ മേഖലയിൽ വൻ കുതിപ്പ്; 63 ശതമാനം പദ്ധതികളും റിയാദിൽ
2030 ഓടെ 15.85 ലക്ഷം കോടി രൂപയുടെ പദ്ധതികളായി നിർമ്മാണ മേഖലയെ ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്
റിയാദ്: സൗദി അറേബ്യയുടെ നിർമ്മാണ മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വൻ മുന്നേറ്റം രേഖപ്പെടുത്തി. ഈ കാലയളവിൽ 17,84,500 കോടി രൂപയുടെ നിർമ്മാണ കരാറുകളാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ മാത്രം 12.28 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചത് 4.6% വർധനവാണ് കാണിക്കുന്നത്.
തലസ്ഥാനമായ റിയാദാണ് ഈ വളർച്ചയുടെ പ്രധാന കേന്ദ്രം. രാജ്യത്തെ മൊത്തം നിർമ്മാണ പദ്ധതികളിൽ 63% ഉം റിയാദിലാണ് നടപ്പാക്കുന്നത്. റിയാദ് മെട്രോ പദ്ധതി, കിംഗ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്‌പോർട്ട് പദ്ധതി, വിവിധ റോഡ് വികസന പദ്ധതികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
2030 ഓടെ 15.85 ലക്ഷം കോടി രൂപയുടെ പദ്ധതികളായി നിർമ്മാണ മേഖലയെ ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഈ പദ്ധതികളിലൂടെ 10 ലക്ഷം വീടുകൾ, 3,62,000 ഹോട്ടൽ റൂമുകൾ, 74 ലക്ഷം ചതുരശ്ര മീറ്റർ റീട്ടെയിൽ സ്‌പേസ്, 77 ലക്ഷം ചതുരശ്ര മീറ്റർ ഓഫീസ് സ്‌പേസ് എന്നിവ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.