ജംഗ് സ്റ്റീൽ ഇന്റർനാഷണൽ ദമ്മാം സ്റ്റേഡിയനിർമ്മാണത്തിൽ പങ്കാളിയാകും

സ്റ്റേഡിയത്തിന്റെ സ്ട്രക്ചർ നിർമ്മാണത്തിനുള്ള 117 മില്യൺ ഡോളർ കരാർ ചൈനീസ് കമ്പനിയായ ജംഗ് സ്റ്റീലിന് കൈമാറി

Update: 2024-06-08 16:51 GMT

ദമ്മാം: ലോകോത്തര സ്റ്റീൽ നിർമ്മാണ കമ്പനിയായ ജംഗ് സ്റ്റീൽ ഇന്റർനാഷണൽ ദമ്മാം സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുന്നു. സ്റ്റേഡിയത്തിന്റെ സ്ട്രക്ച്ചർ നിർമ്മാണത്തിനുള്ള കരാർ കമ്പനിക്ക് കൈമാറി. 117 ദശലക്ഷം ഡോളറിന്റെ കരാറാണ് ചൈനീസ് കമ്പനിയായ ജംഗ് സ്റ്റീലിന് കൈമാറിയത്. സ്റ്റേഡിയം നിർമാണ ചുമതലയുള്ള ബെൽജിയം കമ്പനി ബേസിക്സും സൗദി കമ്പനി അൽബവാനിയും ചേർന്നാണ് കരാർ നൽകിയത്.

2027 ഏഷ്യൻ കപ്പിനും 2034 ഫിഫ വേൾഡ് കപ്പിനും വേദിയാകാൻ പോകുന്നതാണ് ദമ്മാമിലെ പുതിയ സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ സ്റ്റീൽ സ്ട്രക്ചർ നിർമ്മാണ ചുമതലയാണ് കമ്പനിക്ക് നൽകിയത്. 117 മില്യൺ ഡോളർ മൂല്യമുള്ള കരാർ കൈമാറ്റം പുർത്തിയായി. ലോകോത്തര സ്റ്റീൽ നിർമ്മാതക്കളിൽ പ്രമുഖരാണ് ജംഗ് സ്റ്റീൽ. ലോകശ്രദ്ധ നേടിയ വമ്പൻ പ്രൊജക്ടുകളിൽ പ്രവർത്തി പരിചയമുള്ള കമ്പനി കൂടിയാണിത്. ജിദ്ദ ഇന്റർനാഷണൽ എയർപോർട്ട്, റിയാദിലെ കിംഗ്ടം ടവർ, ഖത്തറിലെ ലുസൈൽ സ്റ്റേഡിയം എന്നിവയുടെ നിർമ്മാണം ഇവയിൽ ചിലതാണ്.

Advertising
Advertising

സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി വിതരണത്തിനായി സ്ഥാപിക്കുന്ന പുതിയ സബ് സ്റ്റേഷന്റെ നിർമാണ കരാർ ബാകോസ്റ്റ് ഇന്റനാഷണൽ കമ്പനിക്ക് നൽകി. 140 മില്യൺ സൗദി റിയാൽ ചിലവ് പ്രതീക്ഷിക്കുന്നതാണ് കരാർ. വിപുലമായ ഓട്ടോമേഷൻ സംവിധാനങ്ങളോട് കൂടിയ സ്റ്റേഷനാണ് സ്ഥാപിക്കുക. സൗദി അരാംകോക്ക് കീഴിൽ ആകെ 3.7 ബില്യൺ റിയാൽ ചിലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയത്തിൽ 45000 സീറ്റുകളാണുണ്ടാവുക. എട്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളുമടങ്ങുന്നതാണ് നിർമ്മാണം പ്രവൃത്തികൾ. ദമ്മാം റാക്കയിലെ സ്‌പോർട്‌സ് സിറ്റി ഏരിയയിലാണ് സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നത്. അതിവേഗ നിർമ്മാണത്തിലുൾപ്പെടുത്തിയ പ്രൊജക്ട് 2026 പകുതിയോട് കൂടി പൂർത്തിയാക്കാനാണ് പദ്ധതി.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News