സൗദിയിലെ കിങ് സൗദ് യൂ.സിറ്റി മികച്ച അറബ് സർവകലാശാല
അറബ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയും സ്ഥാനം നിലനിർത്തി
റിയാദ്: സൗദിയിലെ കിങ് സൗദ് യൂ.സിറ്റി അറബ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മൂന്നാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി. അറബ് യൂണിവേഴ്സിറ്റികളുടെ അസോസിയേഷൻ പ്രസിദ്ധീകരിച്ച 2025 റാങ്കിങ്ങിലാണ് തുടർച്ചയായ നേട്ടം. വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം, സംരംഭകത്വം, പ്രാദേശിക-അന്താരാഷ്ട്ര സഹകരണം, സമൂഹ സേവനം എന്നീ മേഖലകളിലെ സമഗ്രമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയ്യാറാക്കിയത്.
അറബ് യൂണിവേഴ്സിറ്റികളിൽ യുഎഇ യൂണിവേഴ്സിറ്റി രണ്ടാം സഥാനവും ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂണിവേഴ്സിറ്റി ഓഫ് ജോർദാൻ നാലാം സ്ഥാനത്തും അബൂദബി യൂണിവേഴ്സിറ്റി അഞ്ചാം സ്ഥാനത്തുമാണ്. സൗദിയുടെ കിങ് ഖാലിദ് യൂണിവേഴ്സിറ്റി, ഈജിപ്തിലെ കൈറോ യൂണിവേഴ്സിറ്റി, ഷാർജാ യൂണിവേഴ്സിറ്റി, തുനീസ് അൽ മനാർ യൂണിവേഴ്സിറ്റി, ഐൻ ഷംസ് യൂണിവേഴ്സിറ്റി തുടങ്ങിയവ തുടർന്നുള്ള സ്ഥാനവും ഇടംപിടിച്ചു.
ഈ വർഷത്തെ റാങ്കിങ്ങിൽ ശ്രദ്ധേയമായ വിപുലീകരണമാണ് ഉണ്ടായത്. 20 അറബ് രാജ്യങ്ങളിൽ നിന്നായി 236 യൂണിവേഴ്സിറ്റികൾ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 56 യൂണിവേഴ്സിറ്റികളുടെ വർധനവാണിത്. കൂടാതെ 4 പുതിയ അറബ് രാജ്യങ്ങളും ഈ വർഷം റാങ്കിങ്ങിൽ ഉൾപ്പെട്ടു. അക്കാദമിക മികവിന്റെയും ശാസ്ത്ര ഗവേഷണത്തിന്റെയും തുടർച്ചയായ നേട്ടങ്ങളാണ് കിങ് സൗദ് യൂണിവേഴ്സിറ്റിയെ മൂന്നാം തവണയും അറബ് ലോകത്തെ ഏറ്റവും മികച്ച സർവകലാശാലയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.