റിയാദിലെ കോഴിക്കോട് കൂട്ടായ്‌മ കോഴിക്കോടൻസ് സ്‌കൂൾ ഫെസ്റ്റ് സംഘടിപ്പിച്ചു
മത്സര ഫലങ്ങൾ വിജയികളെ അറിയിക്കും
റിയാദ്: ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ച് റിയാദിലെ കോഴിക്കോട് കൂട്ടായ്‌മ കോഴിക്കോടൻസ് സംഘടിപ്പിച്ച സ്‌കൂൾ ഫെസ്റ്റ് ഷോല മാളിലെ അൽവഫ ഹൈപ്പറിൽ നടന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും, അവരുടെ മാതാപിതാക്കളും മറ്റു സന്ദർശകരും പങ്കെടുത്തു. പരിപാടിയുടെ സമഗ്രമായ വിജയം ഉറപ്പിച്ചത് കോഴിക്കോടൻസ് ഫാമിലി വോളന്റിയർമാരുടെയും, സംഘാടക സമിതിയുടെയും അക്ഷീണമായ പരിശ്രമവും കൃത്യമായ കോർഡിനേഷനുമാണെന്ന് സംഘാടകർ അറിയിച്ചു.
വിദഗ്ധ വിധികർത്താക്കളുടെ നേതൃത്വത്തിൽ മത്സര ഫലങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്നും ഫലം വിജയികളെ അറിയിക്കുന്നതായിരിക്കുമെന്നും കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം അറിയിച്ചു.
കുട്ടികളുടെ കഴിവുകളെ ഉയർത്തിക്കാട്ടിയതോടൊപ്പം, ചിൽഡ്രൻസ് ഡേയുടെ സന്തോഷവും സൃഷ്ടിയുടെ നിറവുകളും ഒത്തുചേർന്ന്, പ്രവാസി സമൂഹത്തിന്റെ ഐക്യവും ശക്തിയും പ്രതിഫലിച്ച മനോഹരമായ ഒരു പരിപാടിയായി കോഴിക്കോടൻസ് സ്‌കൂൾ ഫെസ്റ്റ് മാറി. കോഴിക്കോടൻസ് ഫൗണ്ടേഴ്‌സും ലീഡേഴ്‌സും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.
കിഡ്സ് വിഭാഗം ഉപന്യാസ മത്സരത്തിൽ മഹിറ സദഫ്, സബ് ജൂനിയർ വിഭാഗത്തിൽ ജുവാൻ ജോർജ്, ജൂനിയർ വിഭാഗത്തിൽ മാധവി കൃഷ്ണ, സീനിയർ വിഭാഗത്തിൽ ഹുമൈറ ഉമം എന്നിവരെ വിജയികളായി തിരഞ്ഞെടുത്തു.