മലയാളി ഹാജിമാരുടെ മദീന സന്ദർശനം ആരംഭിച്ചു
ഈ മാസം 25 മുതലാണ് ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കം
മദീന: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ മലയാളി ഹാജിമാരുടെ മദീന സന്ദർശനം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തീർഥാടകരുടെ ആദ്യ സംഘം മദീനയിലേക്ക് പുറപ്പെട്ടത്. എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഈ മാസം 25 മുതലാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങുക.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇന്ത്യൻ ഹാജിമാരുടെ മദീന സന്ദർശനം ആരംഭിച്ചിരുന്നു. എന്നാൽ, ജിദ്ദ വഴിയെത്തി ഹജ്ജ് പൂർത്തിയാക്കിയ മലയാളി ഹാജിമാരുടെ ആദ്യ സംഘമാണ് ഇന്ന് മദീനയിലേക്ക് പുറപ്പെട്ടത്. ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ പ്രത്യേക ബസ്സുകളിലാണ് തീർഥാടകരെ മദീനയിൽ എത്തിക്കുന്നത്. ഇന്ന് 900ത്തിലധികം തീർത്ഥാടകർ മദീനയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മദീനയിലെ പ്രവാചക പള്ളിക്കടുത്തുള്ള മർക്കസിയ ഏരിയയിലാണ് ഹാജിമാർക്കായി താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. എട്ട് ദിവസം പ്രവാചക നഗരിയിൽ തങ്ങുന്ന തീർഥാടകർ പ്രവാചക കബറിടവും, റൗളയും, മറ്റ് ചരിത്രപ്രധാനമായ സ്ഥലങ്ങളും സന്ദർശിക്കും. ഈ മാസം 25 മുതലാണ് ആദ്യ സംഘം തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങാൻ ആരംഭിക്കുന്നത്. കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം പുറപ്പെടുക.