ആവേശം നിറക്കാൻ ജിദ്ദയിൽ മീഡിയവൺ സൂപ്പർകപ്പ് ഫുട്‌ബോൾ ടൂർണമെന്റ്

ഒക്ടോബർ 23-24 തിയ്യതികളിലാണ് മത്സരങ്ങൾ

Update: 2025-09-28 16:03 GMT

ജിദ്ദ: സൗദിയിൽ എത്തിയ ആറിടങ്ങളിലും ജനകീയമായ മീഡിയവൺ സൂപ്പർകപ്പ് ആദ്യമായി ജിദ്ദയിലെത്തുന്നു. ഒക്ടോബർ 23നാണ് മത്സരങ്ങൾക്ക് തുടക്കമാവുക. പ്രവാസി ഫുട്‌ബോൾ പ്രേമികളുടെയും താരങ്ങളുടെയും ഈറ്റില്ലമാണ് ജിദ്ദ. ഇത് കണക്കിലെടുത്ത് മികച്ച സ്റ്റേഡിയങ്ങളിലൊന്നായ ഒളിമ്പിക് വില്ലേജാണ് മത്സരത്തിന് ഒരുക്കുക. ഒക്ടോബർ 23, 24 തിയ്യതികളിൽ നടക്കുന്ന മത്സരത്തിൽ എട്ട് ടീമുകൾ പങ്കെടുക്കും. നയൻസ് ഫോർമാറ്റിലാണ് മത്സരം. സൂപ്പർ കപ്പ് ജിദ്ദ എഡിഷന്റെ പ്രഖ്യാപനം മീഡിയവൺ സിഇഒ മുഷ്താഖ് അഹ്‌മദ് നിർവഹിച്ചു. ജിദ്ദ ബിസിനസ് സെന്ററിലായിരുന്നു പ്രഖ്യാപനച്ചടങ്ങ്. സൗദി ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

Advertising
Advertising

ജിദ്ദയിലെ സൂപ്പർ ക്ലബ്ബുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്. റിയാദ്, ദമ്മാം, ജുബൈൽ, യാമ്പു, അബഹ, അൽ അഹ്‌സ എന്നീ സ്ഥലങ്ങൾക്ക് ശേഷമാണ് സൂപ്പർകപ്പ് ജിദ്ദയിലെത്തുന്നത്. പ്രൊഫഷണൽ സ്‌റ്റൈലിൽ നടക്കാനിരിക്കുന്ന മത്സരം കാഴ്ചക്കാർക്ക് പുതിയ അനുഭവമാകും.

വിജയികൾക്ക് സൂപ്പർകപ്പ് കിരീടവും ക്യാഷ് പ്രൈസുകളുമുണ്ട്. ടീമുകൾക്കുള്ള രജിസ്‌ട്രേഷൻ അടുത്തയാഴ്ച ആരംഭിക്കും. മീഡിയവൺ ജിസിസി ജനറൽ മാനേജർ സ്വവ്വാബ് അലി, മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി പ്രൊവിൻസ് കോർഡിനേറ്റർ ബഷീർ ചുള്ളിയൻ, സൗദി മാനേജർ അഹ്‌മദ് റാഷിദ്, സൗദി മാർക്കറ്റിങ് വിഭാഗം മേധാവി ഹസനുൽ ബന്ന എന്നിവർ പ്രഖ്യാപനച്ചടങ്ങിൽ സംബന്ധിച്ചു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News