2025 ആദ്യ പകുതിയിൽ ഹാഇൽ പ്രവിശ്യയിലെത്തിയത് 30 ലക്ഷത്തിലധികം സന്ദർശകർ
തുണയായത് പ്രകൃതിദത്തവും സാംസ്‌കാരികവുമായ കാര്യങ്ങൾ
റിയാദ്: 2025 ആദ്യ പകുതിയിൽ സൗദിയിലെ ഹാഇൽ പ്രവിശ്യയിലെത്തിയത് 30 ലക്ഷത്തിലധികം സന്ദർശകർ. പ്രകൃതിദത്തവും സാംസ്‌കാരികവുമായ കാര്യങ്ങളാണ് 2025 ൽ അതിവേഗ ടൂറിസം വളർച്ച കൈവരിക്കാൻ ഹാഇലിന് തുണയായത്. പരിപാടികൾ, ഉത്സവങ്ങൾ, ജുബ്ബയിലെ ജബൽ ഉമ്മു സിൻമാൻ, ഷുവൈമിസ് പാറയിലെ കൊത്തുപണികൾ പോലുള്ള യുനെസ്‌കോ ലോക പൈതൃക സ്ഥലങ്ങളുടെ വികസനം എന്നിവയും വളർച്ചയ്ക്ക് കാരണമായി. സവിശേഷമായ പർവതപ്രദേശങ്ങളും മിതശീതോഷ്ണ കാലാവസ്ഥയും പ്രദേശത്തെ ജനപ്രിയ സ്ഥലമാക്കി മാറ്റുന്നു. പൈതൃകം, ഹൈക്കിങ്, ഗ്രാമീണ ടൂറിസം എന്നിവക്കായി നിരവധി പേർ ഇവിടെയെത്തുകയാണ്.
17.9 കോടി സൗദി റിയാൽ മൂല്യമുള്ള നിക്ഷേപ കരാറുകളുമായി മുനിസിപ്പാലിറ്റി ഈ പ്രദേശത്തെ ടൂറിസം സാഹചര്യത്തിന് ഒപ്പമുണ്ട്. ഗ്രാമീണ താമസത്തിനായുള്ള പദ്ധതിയും ഹോട്ടൽ, റിസോർട്ട് സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന അജ ഹിൽസ് പദ്ധതിയുമാണ് അധികൃതർ നടപ്പാക്കുന്നത്.
ഫലഭൂയിഷ്ഠമായ മണ്ണും ശുദ്ധജലവുമുള്ളതിനാൽ പ്രധാന കാർഷിക കേന്ദ്രം കൂടിയാണ് ഹാഇൽ. 240,000 ഹെക്ടർ കൃഷിഭൂമിയിലായി 15,000 ഫാമുകൾ ഇവിടെയുണ്ട്. 5,900 കിലോമീറ്ററിലധികം വിസ്തൃതിയുള്ള സുപ്രധാന റോഡ് ശൃംഖലയും മേഖലയിലുണ്ട്. ലോജിസ്റ്റിക്സ് കേന്ദ്രമായും ഇത് പ്രവർത്തിക്കുന്നു.