ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പ്രിൻസിപ്പലായി ആർ.കെ. ആലംഗീർ ഇസ്‌ലാം ചുമതലയേൽക്കും

Update: 2023-06-10 19:31 GMT
Advertising

ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ പ്രിൻസിപ്പലായി ആർ.കെ ആലംഗീർ ഇസ്‌ലാം ഞായറാഴ്ച ചുമതലയേൽക്കും. വ്യഴാഴ്ച്ച സ്കൂളിൽ നടന്ന വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങിൽ താത്കാലിക പ്രിൻസിപ്പൽ മഞ്ജുഷ ചിറ്റാലെയാണ് അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തിയത്.

നിലവിൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ പരീക്ഷാ കൺട്രോളർ ആണ് ആർ.കെ ആലംഗീർ. വിദ്യാഭ്യാസ മേഖലയിൽ വിവിധ തലങ്ങളിലായി 25വർഷത്തെ പ്രവർത്തന പരിചയമുള്ള അദ്ദേഹം, ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ പ്രമുഖ വിദ്യാലയങ്ങളിൽ പ്രിൻസിപ്പലായും, വൈസ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി പല സെമിനാറുകൾക്കും പരിശീലന കളരികൾക്കും അദ്ദേഹം നേതൃത്വം നൽകി. 2013-ൽ സന്നദ്ധ സേവനത്തിന് മുൻ അംബാസഡർ ഹാമിദ് അലി റാവുവിൽ നിന്ന് പ്രശംസപത്രവും ലഭിച്ചിട്ടുണ്ട്. 2010-ലാണ് അദ്ദേഹം സൗദി അറേബ്യയിൽ തന്റെ പ്രവർത്തനം ആരംഭിക്കുന്നത്. നോർത്ത് ബംഗാൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദവും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എഡും നേടിയിട്ടുണ്ട്.

2019-ൽ ഡോ.സയ്ദ് ഹമീദ് വിരമിച്ച ശേഷം, ആറായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന് സ്ഥിരം പ്രിൻസിപ്പൽ ഇല്ലാത്തത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശങ്കകൾക്ക് വഴിവച്ചിരുന്നു. മുൻ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും നിരവധി തവണ ഈ വിഷയം എംബസ്സിയുടെയും ഹയർ ബോർഡിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂല നടപടികൾക്ക് കാല താമസം നേരിടുകയായിരുന്നു. ഈ കാലയളവിൽ നിലവിലെ പ്രിൻസിപ്പൽ മഞ്ജുഷ ചിറ്റാലെ ഉൾപ്പെടെ രണ്ടു താത്കാലിക പ്രിൻസിപ്പൽമാരും സ്കൂളിനെ നയിച്ചു.

ഏഴ് മാസം മുമ്പ് നിലവിൽ വന്ന പുതിയ മാനേജ്‌മന്റ് കമ്മിറ്റി ഈ വിഷയത്തിൽ പ്രത്യേക താൽപ്പര്യമെടുത്ത് സ്ഥിഗതികൾ എംബസ്സിയെയും ഹയർ ബോർഡിനെയും ബോധ്യപെടുത്തിയതോടു കൂടിയാണ് എംബസ്സി പുതിയ നിയമനം സാധ്യമാക്കിയത്. ഇതിനിടെ ഡോ. ജൗഷീദിനെ കാലാവധി തീരുന്നതിന് മുമ്പ് അകാരണമായി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതും, കൂടുതൽ പരിചയവും യോഗ്യതയും ഉള്ള സ്കൂളിലെ ഇതര അധ്യാപകരെ മറികടന്നുള്ള താത്കാലിക പ്രിൻസിപ്പൽ നിയമനവും രക്ഷിതാക്കളുടെ അനിഷ്ടത്തിന് ഹേതുവായി.

അധ്യയന വർഷം ആരംഭിച്ച് രണ്ടു മാസത്തിന് ശേഷവും പുസ്തക വിതരണം പൂർത്തിയാക്കാത്തതും, വർധിച്ച കുട്ടികളുടെ എണ്ണത്തിന് ആപേക്ഷികമായി ക്ലാസ് മുറികളില്ലാത്തതും വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി ഒഴിഞ്ഞു കിടക്കുന്ന ആൺ-പെൺ വിഭാഗങ്ങളിലെ വൈസ് പ്രിൻസിപ്പൽ തസ്തികകളിലും എത്രയും വേഗം നിയമനങ്ങൾ നടക്കേണ്ടതുണ്ട്.സൌദി ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ പ്രിൻസിപ്പലായി ആർ.കെ. ആലംഗീർ ഇസ്‌ലാം നാളെ ചുമതലയേൽക്കും

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News