വില നിയന്ത്രണം; വിപണിയില്‍ പരിശോധന ശക്തമാക്കി സൗദി

ഒരാഴ്ചക്കിടെ 18000 ലധികം പരിശോധനകള്‍

Update: 2022-10-17 18:13 GMT

വിപണിയിലെ വിലക്കയറ്റം തടയുന്നതിന്‍റെ ഭാഗമായി ഒരാഴ്ചക്കിടെ പതിനെട്ടായിരത്തിലധികം ഫീല്‍ഡ് പരിശോധനകള്‍ സംഘടിപ്പിച്ചതായി സൗദി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. അടിസ്ഥാന ഉല്‍പന്നങ്ങളുടേതുള്‍പ്പെടെയുള്ളവയുടെ വിലയില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

സൗദി വാണിജ്യ മന്ത്രാലയമാണ് രാജ്യത്തെ വിപണികളില്‍ പരിശോധന ശക്തമാക്കിയത്. വില നിയന്ത്രണത്തിനും നിരീക്ഷണങ്ങള്‍ക്കുമായി രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധന നടത്തി വരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 18,000 ല്‍  അധികം ഫീല്‍ഡ് പരിശോധനകള്‍ ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചു ഇത് വഴി 32000 ലധികം ഉല്‍പന്നങ്ങളുടെ വില പരിശോധന പൂര്‍ത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.

Advertising
Advertising

ഇലക്ട്രോണിക് ഡിറ്റക്ഷന്‍ സംവിധാനമുപയോഗിച്ച് വിലയിലെ കൃത്യത ഉറപ്പ് വരുത്തിയാണ് പരിശോധന നടത്തിയത്. 280 ഓളം വരുന്ന അടിസ്ഥാന ഉല്‍പന്നങ്ങളുടേതുള്‍പ്പെടെയുള്ള വിലപരിശോധനയും പൂര്‍ത്തിയാക്കി. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതാണ് പരിശോധന. നിര്‍ദ്ദേശം മറികടന്ന് വിലവര്‍ധിപ്പിച്ച സ്ഥാപനങ്ങളില്‍ നിന്ന് വിശദീകരണം തേടുകയും തുടര്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News