സൗദിയിൽ നിന്നുള്ള വിമാനങ്ങളിൽ ലഗേജുകൾക്കുള്ളിൽ സംസം കൊണ്ടുപോകുന്നതിന് വിലക്ക്; നിയന്ത്രണം ലംഘിച്ചാൽ നടപടി

സംസം വെള്ളം കൊണ്ടു പോകാനാഗ്രഹിക്കുന്നവർ അവ പ്രത്യേകം എയർപാക്ക് ചെയ്യണം.

Update: 2022-05-18 18:41 GMT

സൗദിയില്‍ നിന്നുള്ള വിമാനങ്ങളില്‍ ലഗേജുകൾക്കുള്ളിൽ സംസം കൊണ്ടു പോകുന്നതിന് വിലക്ക്. വിവിധ ദ്രാവകങ്ങള്‍ ബാഗേജുകൾക്കകത്ത് കൊണ്ടു പോകുന്നതിനുള്ള വിലക്കും സിവിൽ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി കർശനമാക്കി. നിയന്ത്രണം ലംഘിച്ചാൽ വിമാനക്കമ്പനികൾക്കെതിരെ നടപടിയുണ്ടാകും. പ്രത്യേകം പാക്ക് ചെയ്തവ മാത്രമാണ് ഇനി അനുവദിക്കുക.

Full View

ദ്രവ രൂപത്തിലുള്ളവ ലഗേജുകൾക്കകത്ത് കൊണ്ടു പോകുന്നതിനാണ് വിലക്ക്. ഇത് നേരത്തെയുള്ളതാണ്. എന്നാൽ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്. ചെക്ക് ഇൻ ബാഗേജുകൾക്കുള്ളിൽ സംസം വെള്ളം കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. സംസം വെള്ളം കൊണ്ടു പോകാനാഗ്രഹിക്കുന്നവർ അവ പ്രത്യേകം എയർപാക്ക് ചെയ്യണം. വിമാനങ്ങൾക്കുള്ളിൽ ലഗേജുകൾ ഒന്നിച്ച് അടുക്കിവെക്കുന്നതാണ് രീതി. ഇതിനടിയിൽ പെട്ട് ലഗേജിനകത്തെ ദ്രാവക ബോട്ടിലുകൾ പൊട്ടിയൊലിക്കാതിരിക്കാനാണ് പുതിയ നിബന്ധന.

Advertising
Advertising

പ്രത്യേകം പാക്ക് ചെയ്ത സംസം ഉൾപ്പെടെയുള്ളവ പ്രത്യേക കൺവെയർ ബെൽറ്റ് കൗണ്ടർ വഴി സ്വീകരിക്കുകയാണ് ചെയ്യുക. രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളില്‍നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് ദ്രാവക വസ്തുക്കൾ ബാഗേജിൽ വെക്കുന്നതിനുള്ള വിലക്ക് ബാധകമാണ്. ചെക്ക്ഡ് ഇന്‍ ബാഗേജുകളില്‍ സംസം കൊണ്ടു പോകാന്‍ അനുവദിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഗാക വ്യക്തമാക്കി. നിര്‍ദേശം പാലിക്കാത്തത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജിദ്ദയുൾപ്പെടെ സൗദിയിലെ വിമാനത്താവളങ്ങളിൽ സംസം എയർപാക്കിങിനുള്ള സംവിധാനമുണ്ട്. പുറമെ നിന്നു ചെയ്തും ഇവ കൊണ്ടു പോകാം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News