സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു
ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. റിയാദ് അല്‍ഖസീം, ഹാഇല്‍ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
രാജ്യത്ത് ദിവസങ്ങളായി ലഭിച്ച് കൊണ്ടിരിക്കുന്ന മഴ അടുത്ത ദിവസങ്ങളില്‍ കൂടി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. റിയാദ്, അല്‍ഖസീം, ഹാഇല്‍ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോട് കൂടിയതും ഇടിമിന്നലോട് കൂടിയതുമായ മഴയ്ക്ക സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജസാന്‍, അസീര്‍, അല്‍ബഹ, മക്ക, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍, മദീന, അല്‍ജൗഫ് ഭാഗങ്ങളിലും മഴ തുടരും.
ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ പലയിടങ്ങളിലും വലിയ നാശനഷ്ടങ്ങളുണ്ടായി. ബുറൈദയില്‍ ശക്തമായ മഴക്കിടെയുണ്ടായ വെള്ളപാച്ചിലില്‍ കാണാതായ മൂന്ന് സ്വദേശി കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വാദി അബു റമദില്‍ കുടുംബത്തോടൊപ്പം ശക്തമായ ഒഴുക്കുവെള്ളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ശക്തമായ മഴയില്‍ പലയിടത്തും നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും റോഡുകള്‍ തകര്‍ന്ന് ട്രാഫിക് സിഗ്നലുകളും വൈദ്യുതി ബന്ധങ്ങളും തകരാറിലായി.