'മദ' വഴിയുള്ള ഇടപാടുകളിൽ വൻ വർധനവ്; 2024ൽ ഒരു കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു
റിയാദ് സൗദിയിലെ ഇ-കൊമേഴ്‌സ് വിൽപ്പന പ്ലാറ്റ്‌ഫോമായ 'മദ' വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. ചരിത്രത്തിലാദ്യമായി പ്രതിവർഷം ഒരു കോടിക്ക് മുകളിൽ ഇടപാടുകൾ എത്തിയതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2024 ൽ ഒരു കോടി പന്ത്രണ്ട് ലക്ഷം ഇടപാടുകളാണ് നടന്നത്. ഇത് വഴിയുള്ള പണമിടപാട് മൂല്യം 1974 കോടി റിയാലായി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021 നെ അപേക്ഷിച്ച് 165.% വർധനവാണ് രേഖപ്പെടുത്തിയത്.
2023-ൽ ഇ-കൊമേഴ്സ് പദ്ധതികൾക്ക് അനുവദിച്ചിരുന്ന ധനസഹായം 1600 കോടി റിയാലായിരുന്നു. 2019 നും 2024 നും ഇടയിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ഉപയോക്താക്കളുടെ എണ്ണത്തിലെ വളർച്ചാ നിരക്ക് 42% ൽ എത്തി. എന്നാൽ ഈ വർഷം രാജ്യത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളുടെ എണ്ണം മൂന്ന് കോടിക്ക് മുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അതോറിറ്റി വ്യക്തമാക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ഇ-കൊമേഴ്സിന്റെ സ്വാധീനം പ്രധാനമാണ്. ഇത് വഴി ഇടപാടുകൾ നടത്തുന്ന 42,900 ഇ-സ്റ്റോറുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.