സൗദിയിലെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് സ്വദേശികളെന്ന് റിപ്പോര്‍ട്ട്
461000 സ്വദേശികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു
ദമ്മാം: സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത് ചില്ലറ മൊത്ത വ്യാപാര മേഖലയിലും വാഹന റിപ്പയർ മേഖലയിലുമാണെന്ന് റിപ്പോർട്ട്. ഈ മേഖലയിൽ നാലര ലക്ഷത്തിലധികം സ്വദേശികൾ ജോലി ചെയ്തു വരുന്നതായി മാനവവിഭവശേഷി മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് പ്രഖ്യാപിച്ച സ്വദേശിവൽക്കരണ നിയമങ്ങളുടെ തുടര്‍ച്ചയായി ഏറ്റവും കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്ന മേഖലകൾ തിരിച്ച് മന്ത്രാലയം റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ചില്ലറ മൊത്ത വ്യാപാര വാഹന റിപ്പയർ മേഖലയിലാണ് ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത്. 461000 സ്വദേശികൾ ഈ മേഖലയിൽ ജോലിയെടുക്കുന്നതായി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നു.
രണ്ടാം സ്ഥാനത്ത് നിർമ്മാണ മേഖലയാണുള്ളത്. 303000 സ്വദേശികളാണ് ഈ രംഗത്ത് ജോലിയെടുക്കുന്നത്. മൂന്നാം സ്ഥാനത്ത് വ്യവസായവും നാലാം സ്ഥാനത്ത് ആരോഗ്യ സാമൂഹിക സേവന മേഖലയുമാണുള്ളത്. 226000 പേർ വ്യവസായ മേഖലയിലും 219000 പേർ ആരോഗ്യ സാമൂഹിക സേവന മേഖലയിലും സേവനമനുഷ്ടിക്കുന്നുണ്ട്. ഗോസിയിൽ രജിസ്റ്റർ ചെയ്തവരിൽ 63.4 ശതമാനവും ആദ്യ അഞ്ചു മേഖലകളിലായാണ് ജോലി ചെയ്യുന്നത്.