റിഫ മെഗാ കപ്പ് മത്സരം: കിരീടമണിഞ്ഞ് റോയൽ ഫോക്കസ് ലൈൻ
മുന്നൂറിലധികം കളിക്കാരണിനിരന്ന 32 ടീമുകളിൽ നിന്ന് കാലാശപ്പോരിന് അർഹത നേടിയത് റോയൽ ഫോക്കസ് ലൈനും യൂത്ത് ഇന്ത്യ സോക്കറുമായിരുന്നു
റിയാദ്: മുപ്പത്തിരണ്ട് ടീമുകൾ അണി നിരന്ന റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ മെഗാ കപ്പ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ റോയൽ ഫോക്കസ് ലൈൻ കിരീടം സ്വന്തമാക്കി. യൂത്ത് ഇന്ത്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജയം. നൂറുകണക്കിന് പേരാണ് റിയാദിലെ അസ്‌കാൻ സ്റ്റേഡിയത്തിലേക്കെത്തിയത്.
മുന്നൂറിലധികം കളിക്കാരണിനിരന്ന 32 ടീമുകളിൽ നിന്ന് കാലാശപ്പോരിന് അർഹത നേടിയത് റോയൽ ഫോക്കസ് ലൈനും യൂത്ത് ഇന്ത്യ സോക്കറുമായിരുന്നു. സൗദി അമ്പയറിംഗ് അസോസിയേഷൻ അംഗങ്ങളായ അലി ഖഹ്ത്താനി, മുഹമ്മദ് സഈദ് എന്നിവർ ഫൈനലിലെ മുഖ്യാതിഥികളായിരുന്നു. റിഫാ ഭാരവാഹികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, അബ്ദുൽ കരീം പയ്യനാട്, ഷക്കീൽ തിരൂർക്കാട് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. നൂറു കണക്കിന് മലയാളി സെവൻസ് ഫുട്‌ബോൾ ആരാധകരുടെ സാന്നിധ്യത്തിൽ നടന്ന മത്സരത്തിന്റെ ഫൈനലിൽ രണ്ടാം പാതിയിൽ ഫവാസ് യൂത്ത് ഇന്ത്യക്കെതിരെ ആദ്യ ഗോൾ നേടി.
ഇതോടെ നാല് ദിനം നീണ്ട മത്സരത്തിനൊടുവിൽ റോയൽ ഫോക്കസ് ലൈൻ തൻമിയ റിഫാ മെഗാ കപ്പ് സ്വന്തമാക്കി. അലി ഖഹ്ത്താനി, തൻമിയ പ്രതിനിധി മുസ്തഫ കവ്വായി എന്നിവരിൽ ടീം വിന്നേഴ്സ് ട്രോഫി ഏറ്റുവാങ്ങി. അതിഥികളായ മുഹമ്മദ് സഈദ്, മുബാശിർ എന്നിവരിൽ നിന്ന് യൂത്ത് ഇന്ത്യ റണ്ണർ അപ് കിരീടം ഏറ്റു വാങ്ങി.
റോയൽ ഫോക്കസിന്റെ ശമീറാണ് മത്സരത്തിലെ പ്ലയർ ഓഫ് ദി ടൂർണമെന്റ്. ബെസ്റ്റ് കീപ്പറായി ഈ ടീമിന്റെ ഫെസ്ബിലും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഹാട്രിക്കോടെ യൂത്ത് ഇന്ത്യയുടെ ഫവാസാണ് ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ. ബെസ്റ്റ് ഡിഫൻഡറായി അസീസിയ സോക്കറിന്റെ അബ്ബാസും തെരഞ്ഞെടുക്കപ്പെട്ടു. കുട്ടൻ ബാബു മഞ്ചേരി, ജുനൈസ് വാഴക്കാട്, മുസ്തഫ മമ്പാട്, നൗഷാദ് ചക്കാല, ഹംസ അസീസിയ്യ, നവാസ് സുലൈ, ഹസൻ പുന്നയൂർ, നാസർ മാവൂർ, അഹ്ഫാൻ, ശറഫുദ്ദീൻ പന്നിക്കോട് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.