വിശ്വാസികൾക്ക് മാർഗനിർദേശങ്ങൾ നൽകാന്‍ ഹറമില്‍ റോബോട്ടുകള്‍
ഖുർആൻ പാരായണം, ഖുതുബ, ബാങ്ക് വിളി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കാണ് പുതിയ റോബോട്ടുകളുടെ സഹായം ലഭിക്കുക
മക്ക, മദീന ഹറമുകളിലെത്തുന്ന വിശ്വാസികൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനായി പുതിയ റോബോട്ടുകൾ പ്രവർത്തനമാരംഭിച്ചു. ഇരുഹറം കാര്യാലയത്തിന് കീഴിലെ ഇമാം, മുവദ്ദിൻ ഏജൻസിയാണ് പുതിയ റോബോട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇരു ഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദു റഹ്മാൻ അൽ സുദൈസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഖുർആൻ പാരായണം, ഖുതുബ, ബാങ്ക് വിളി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കാണ് പുതിയ റോബോട്ടുകളുടെ സഹായം ലഭിക്കുക. ആർട്ടിഫിഷ്യൻ ഇൻറലിജൻസ് സേവനം വർധിപ്പിച്ച് സ്മാർട്ട് റോബോട്ടുകളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഖുർആൻ പാരായണം, ഖുതുബ, ബാങ്കുവിളി എന്നിവയുമായി ബന്ധപ്പെട്ട ക്യു.ആർ കോഡുകൾ പ്രദർശിപ്പിക്കുകയാണ് റോബോട്ടിന്റെ ജോലി.
സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. റോബോട്ടിലെ വോയ്സ് കമാൻഡ് വഴി ഇമാമുമാരെയും മുഅദ്ദിനുകളെയും കുറിച്ചുള്ള പൊതുവിവരങ്ങൾ, പ്രതിവാര ഷെഡ്യൂളുകൾ, വെള്ളിയാഴ്ച പ്രഭാഷണം തുടങ്ങിയവ അറിയാനും സാധിക്കും. വൈകാതെ കൂടുതൽ റോബോട്ടുകൾ സജ്ജമാക്കുമെന്ന് ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദു റഹ്മാൻ അൽ സുദൈസ് പറഞ്ഞു.