മികച്ച ഡിജിറ്റല്‍ ഗവണ്‍മെന്റ് രാജ്യങ്ങളുടെ പട്ടികയില്‍ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സൗദി അറേബ്യ
ഐഎസി അക്കാദമിയുടെ സഹകരണത്തോടെ ജപ്പാനിലെ വസേഡ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റല്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ വേള്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റാങ്കിങ്ങില്‍ 2021ലെ സര്‍വേ പ്രകാരം, ഡിജിറ്റല്‍ ഗവണ്‍മെന്റിലെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ 23 റാങ്കുകള്‍ മെച്ചപ്പെടുത്തി സൗദി അറേബ്യ.
സര്‍വേയുടെ 16ാം പതിപ്പില്‍, പൊതു സൂചികയില്‍ ലോകത്തെ 64 രാജ്യങ്ങള്‍ക്കിടയില്‍ 30ാം സ്ഥാനത്തും ജി-20 രാജ്യങ്ങള്‍ക്കിടയില്‍ 11ാം സ്ഥാനത്തുമാണ് സൗദി.
ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റിയുടെ വികസനത്തിനു പുറമെ സാമൂഹിക പങ്കാളിത്തത്തിലും ഡിജിറ്റല്‍ നിയമനിര്‍മാണത്തിലും സൗദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
ഗവണ്‍മെന്റ് ഡിജിറ്റല്‍ സേവനങ്ങളിലെ പുരോഗതി, നൂതനത്വം, സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, ഗുണഭോക്താക്കളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ സൂചികകളും സര്‍വേയില്‍ പരിഗണിച്ചിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനങ്ങളുടെ സംഭാവനകളും സര്‍വേ വിലയിരുത്തലുകളുടെ ഭാഗമാണ്.